കേരളത്തിൽ ഭീതി പരത്തി ബ്രെയിൻ ഈറ്റിംഗ് അമീബ

കേരളത്തിൽ ഭീതി പരത്തി ബ്രെയിൻ ഈറ്റിംഗ് അമീബ


മൂന്നുമാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് മരണങ്ങൾ സംഭവിച്ചതോടെ കേരളം ആശങ്കയിലാണ്. 

ഗ്രാമീണ മേഖലയിൽ നിന്നാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധിതരായി മരിച്ച മൂന്നുപേരും കുട്ടികളാണ്. അവരാകട്ടെ മൂന്ന് വ്യത്യസ്ത ജില്ലകളിൽ ഉള്ളവരാണ്. രോഗം വന്ന് മരിച്ചവരെല്ലാം രോഗബാധയ്ക്ക് മുമ്പായി പൊതുകുളങ്ങളിൽ കുളിച്ചിരുന്നു. ഇതാണ് രോഗകാരണമെന്നാണ് കരുതപ്പെടുന്നത്.

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌കജ്വരം പകർച്ചവ്യാധിയല്ല. കുളങ്ങളിലും മറ്റും കാണപ്പെടുന്ന അമീബയാണ് ഈ അപൂർവ്വ രോഗത്തിന് കാരണം. ബ്രെയിൻ ഈറ്റിംഗ് അമീബ എന്നാണ് ഇതറിയപ്പെടുന്നത്. മൂക്കിലൂടെയാണ് സാധാരണയായി ഈ അമീബ ശരീരത്തിലെത്തുന്നത്. പിന്നീടത് നേരെ തലച്ചോറിലെത്തുന്നു. തലച്ചോറിലെ നാഡീകോശജാലങ്ങളെ ആഹാരമാക്കുന്ന അമീബ രോഗബാധയുണ്ടാക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല.

സാധാരണഗതിയിൽ രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ ഒമ്പത് ദിവസത്തിനിടെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്തിന് മരവിപ്പ്, ചുഴലി, മാനസിക നില തകരാറിലാവൽ, ഉന്മാദാവസ്ഥ എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ. വളരെ വേഗം രോഗം ഗുരുതരമാകാറുണ്ട്. 95 ശതമാനം മരണസാധ്യതയുള്ള ആ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങി 1-12 ദിവസത്തിനുള്ളിൽ മരണം സംഭവിക്കുന്നുവെന്നാണ് കണ്ടിട്ടുള്ളത്.