തിരുവനന്തപുരം: എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അപകടം മൂലമുണ്ടായ പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. കപ്പല്‍ അപകടത്തില്‍പെട്ടതിനു പിന്നാലെ കടലില്‍ വീണ കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്നതാണ്. മേഖലയിലെ മത്സ്യസമ്പത്തിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് തീരുമാനം.
മെയ് 24നാണ് അറബിക്കടലില്‍ കൊച്ചി പുറംകടലിന് സമീപമായി കപ്പല്‍ മുങ്ങിയത്. കപ്പലില്‍ അപകടകരമായ വിധത്തില്‍ ഉണ്ടായിരുന്ന 13 കണ്ടെയ്നറുകളില്‍ 12 എണ്ണത്തിലും കാത്സ്യം കാര്‍ബൈഡായിരുന്നു ഉണ്ടായിരുന്നത്. കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശമേഖലകളില്‍ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയുള്ള മാലിന്യങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതേസമയം, കപ്പലില്‍ നിന്ന് ഒഴുകിയ എണ്ണപ്പാട നിയന്ത്രിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും തുടരുകയാണ്.