അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പൊതുജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പൊതുജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


കൊച്ചി: അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശ്ശേരിയിലെ കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ (സി സി ആര്‍ സി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യ പശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പകര്‍ച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വെല്ലുവിളിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇതില്‍ ജീവിതശൈലി രോഗങ്ങളുടെ ഗണത്തിലാണ് അര്‍ബുദത്തെ പൊതുവേ കാണുന്നത്. എല്ലാ അര്‍ബുദ രോഗങ്ങളും ജീവിതശൈലി മൂലം ഉണ്ടാകുന്നതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഭൂരിഭാഗം കേസുകളും ആ ഗണത്തില്‍  പെടുന്നവയാണ്.

ജീവിതശൈലിയില്‍ നല്ല രീതിയിലുള്ള മാറ്റം വരുത്താന്‍ ഓരോരുത്തരും തയ്യാറാകണം. മികച്ച ആരോഗ്യപരിപാലന ശീലങ്ങള്‍ പിന്തുടരാന്‍  കഴിയണം. ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി തന്നെ രോഗപ്രതിരോധത്തെ കാണണം. എങ്കില്‍ മാത്രമേ നമ്മുടെ സമൂഹത്തിനും നാടിനും ഭീഷണിയായി തുടരുന്ന അര്‍ബുദം പോലുള്ള പല രോഗങ്ങളെയും ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളു.

രോഗമുണ്ടായതിനുശേഷമുള്ള ചികിത്സയ്ക്ക് പകരം രോഗ പ്രതിരോധത്തിനും മുന്‍കൂട്ടിയുള്ള രോഗ നിര്‍ണയത്തിനും സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ്. അര്‍ബുദ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും ഏകോപനവും ഉറപ്പാക്കണം. അതിനായി സര്‍ക്കാര്‍ തലത്തില്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

അര്‍ബുദ രംഗത്ത് കേരളത്തില്‍ ആദ്യം ഉണ്ടായിരുന്ന പ്രധാന ചികിത്സാ കേന്ദ്രം തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ആയിരുന്നു. പിന്നീട് മലബാര്‍ ക്യാന്‍സര്‍ സെന്ററും നിലവില്‍ വന്നു. അതിന്റെ തുടര്‍ച്ചയിലാണ് ഇപ്പോള്‍  മധ്യകേരളത്തില്‍ കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കിയ 449 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിട മുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. 6.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിരിക്കുന്ന കെട്ടിടത്തില്‍ 387 കിടക്കകളാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കേന്ദ്രം ഈ മേഖലയ്ക്ക് തന്നെ വലിയ പിന്തുണ നല്‍കും. 2016 നവംബറില്‍ ചെറിയതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ ഇപ്പോള്‍ മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അര്‍ബുദ ചികിത്സാ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ വേണമെന്നത് വലിയ ബഹുജന ആവശ്യമായിരുന്നു.   ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും പ്രൊഫ. എം കെ സാനുവും ഡോ. സി കെ രാമചന്ദ്രനുമൊക്കയാണ് ആ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം ബൃഹത്തായ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ പണമായിരുന്നു പ്രധാന പ്രശ്‌നം. അതിനു പരിഹാരമായിട്ടാണ് ബജറ്റിനു പുറമേ ഒരു സമാന്തര ധന സ്രോതസ്സ് എന്ന നിലയില്‍ 2016ല്‍ കിഫ്ബിയെ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്.

കിഫ്ബി വഴി കേരളത്തിന്റെ ഒരുപാട് ആവശ്യങ്ങളാണ് നിറവേറിയത്. ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ സാക്ഷ്യപത്രങ്ങള്‍ കാണാന്‍ സാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ദേശീയപാത വികസനം, തീരദേശ- മലയോര ഹൈവേകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം നിറവേറ്റാന്‍ കിഫ്ബി വഴി  നമുക്കായി.

പ്രത്യേകിച്ച് ആരോഗ്യ മേഖലയ്ക്ക് കിഫ്ബി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വരെ പലവിധത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കാനും കഴിഞ്ഞു. കേവലം ബജറ്റിന്റെ മാത്രം പിന്തുണയോടെയല്ല ഇതൊന്നും യാഥാര്‍ഥ്യമായത്. അങ്ങനെ ആകെ വിവിധ മേഖലകളിലായി 90,000 കോടി രൂപയുടെ  വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി ഏറ്റെടുത്തത്. ആ കിഫ്ബി തന്നെയാണ് ക്യാന്‍സര്‍ സെന്ററിനും ഫണ്ട് ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആമുഖപ്രഭാഷണം നടത്തി.

സി സി ആര്‍ സി സ്‌പെഷ്യല്‍ ഓഫീസറും സിയാല്‍ എം ഡിയുമായ എസ് സുഹാസ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോക ബാങ്ക് സൗത്ത് ഈസ്റ്റ് ഏഷ്യ ലീഡ് ആതിഫ് സയിദ് സി സി ആര്‍ സി ഡയറക്ടര്‍ ഡോ. പി ജി ബാലഗോപാലിന് ഗ്രീന്‍ ബില്‍ഡിംഗ്  സര്‍ട്ടിഫിക്കറ്റ് കൈമാറി.

എം എല്‍ എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, അന്‍വര്‍ സാദത്ത്, കെ ബാബു, ആന്റണി ജോണ്‍, ഉമാ തോമസ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗാഡെ, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, കളമശ്ശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കൗണ്‍സിലര്‍ കെ ബി ബാബുരാജ്, ഇന്‍കെല്‍ എം ഡി കെ ഇളങ്കോവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.