തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ റിപ്പോര്‍ട്ട് നല്‍കി. അതോടെ നടപടിക്ക് വഴിയൊരുങ്ങി.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ നടത്തിയ പരസ്യ വിമര്‍ശനവും അധിക്ഷേപവും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന വിഴുപ്പക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുനടപടി സ്വീകരിക്കണമെന്നത് മുഖ്യമന്ത്രി തീരുമാനിക്കും. പ്രശാന്തിന്റെ വിമര്‍ശനം പൊതുസമൂഹത്തിനു മുന്നിലുള്ളതായതിനാല്‍ ഇതുസംബന്ധിച്ച് പ്രശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലായിരിക്കേ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ചേരിപ്പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതോടെ വസ്തുതാ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി കൈമാറിയത്.
എന്നാല്‍ ഡോ. എ ജയതിലകിനെതിരെ പരസ്യമായി നടത്തുന്ന വിമര്‍ശനം എന്‍ പ്രശാന്ത് തുടര്‍ന്നു. നിരവധി ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചുവെന്നാണ് പുതിയ ആരോപണം. ഇതിന് അന്ത്യം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നു.
താന്‍ നിയമം പഠിച്ചിട്ടുണ്ടെന്നും സര്‍വീസ് ചട്ടങ്ങള്‍ തനിക്കറിയാമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉപയോഗിച്ച് വിസില്‍ ബ്ലോവറുടെ ദൗത്യമാണ് താന്‍ ചെയ്യുന്നതെന്നുമെന്നാണ് എന്‍ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
'പബ്ലിക് സ്‌ക്രൂട്ടിണി ഉണ്ടെങ്കില്‍ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് 'വിസില്‍ ബ്ലോവര്‍' ആവുന്നത്. സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ്. ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുതെന്നല്ല. അഞ്ച് കൊല്ലം നിയമം പഠിച്ച എനിക്ക് സര്‍വീസ് ചട്ടങ്ങളെക്കുറിച്ച് ഉപദേശം വേണ്ട.' എന്നിങ്ങനെയാണ് പ്രശാന്ത് കുറിച്ചത്.
വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും വാട്സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വീസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണെന്ന് പറഞ്ഞ എന്‍ പ്രശാന്ത് അത് ഒളിച്ച് വയ്ക്കുകയാണോ വേണ്ടതെന്ന ചോദ്യവും ഉന്നയിച്ചു.
ശനിയാഴ്ചയാണ് എന്‍ പ്രശാന്ത് ഡോ. എ ജയതിലകിനെതിരെ പരസ്യവിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. എസ്സി, എസ്ടി വകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായിരിക്കേ എന്‍ പ്രശാന്ത് ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചില്ലെന്നും 'ഉന്നതി' പദ്ധതിയുടെ ഫയലുകള്‍ കൃത്യമായി കൈമാറിയില്ലെന്നും ചൂണ്ടിക്കാണിച്ച് ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് വാര്‍ത്തയായതിന് പിന്നാലെയായിരുന്നു പരസ്യവിമര്‍ശനം.
അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്സിലും കുറിച്ചു.
വിവാദം ഐഎഎസുകാര്‍ക്കിടയിലും ചേരിതിരിവിന് വഴിയൊരുക്കി. പ്രശാന്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരിലുണ്ട്.
പ്രശാന്തിന്റെ നടപടി ഐഎഎസ് ഉദ്യോഗസ്ഥന് ചേര്‍ന്നതല്ലെന്ന നിലപാടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. തനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.