കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ട് പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാർ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പഴയ കെട്ടിടമാണ് അപ്രതീക്ഷിതമായി തകർന്നത്. ഇതിൻ്റെ അവശിഷ്ടങ്ങൾ മൂന്നാമത്തെ ട്രാക്കിലേക്കാണ് പതിച്ചത്. ക്ലോക്ക് ടവർ നെടുകെ പിളർന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ സമയം മൂന്നാമത്തെ ട്രാക്കിൽ ഒരു ട്രെയിൻ നിർത്തിയിട്ടിരുന്നെങ്കിലും അതിലേക്ക് അവശിഷ്‌ടങ്ങൾ വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. തിരക്കുള്ള സമയത്തായിരുന്നു അപകടമെങ്കിൽ വലിയ തോതിലുള്ള ആളപായം ഉണ്ടാകുമായിരുന്നു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സംഭവസ്ഥലത്ത് നിന്നും പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട് നഗരത്തിൽ കനത്ത മഴ തുടരുകയാണ്. ഇതും കെട്ടിടത്തിൻ്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. മഴയെ തുടർന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അപകടവിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ട്രാക്കിലേക്കും പ്ലാറ്റ്‌ഫോമിലേക്ക് വീണ കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ അഗ്നിരക്ഷാസേന വിശദമായ പരിശോധന നടത്തി. ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.
നൂറ്റാണ്ട് പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു; കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം
