അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി; തെരച്ചിൽ ഊർജിതം

അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി; തെരച്ചിൽ ഊർജിതം


കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം എട്ടായി. എസ്‌കവേറ്റര്‍ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ്‌ ഇമ്രാൻ അൻസാരി, നിർമാണ കമ്പനി എഞ്ചിനിയറായ ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍, സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, കണ്‍സ്‌ട്രക്ഷന്‍ മാനേജരായ ഹിമാചല്‍പ്രദേശ്‌ സ്വദേശി വിക്രം റാണ, സര്‍വേയറായ പശ്ചിമ ബംഗാള്‍ സ്വദേശി രാകേഷ്‌ ഗുച്ചൈത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

ഇതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ മീനാക്ഷി പുഴയില്‍ നിന്നും (മൂന്നാം സോണ്‍) ഒരാളുടേത് പുഴയ്‌ക്ക് സമീപത്ത് (ഒന്നാം സോണ്‍) നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. 

ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച് ചെയ്യുന്നത്. മീനാക്ഷി പുഴയുടെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചിട്ടുള്ളത്. പുഴയിലും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ എംബാം ചെയ്ത് മാത്രമേ സ്വദേശത്തേക്ക് അയക്കുകയുള്ളൂ. മണ്ണിനടിയില്‍ അധികം താഴെയല്ലാതെയുള്ള ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ പാര്‍ട്‌സ്‌കളുടെയും ഇടയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

ദുരന്തമുണ്ടായ കള്ളാടിയില്‍ തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരിച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഡാവര്‍ നായകള്‍ അടക്കം തിരിച്ചലിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. കാലാവസ്ഥ ഒട്ടും അനുകൂലമല്ലെന്ന് റവന്യൂ മന്ത്രി എപി അനില്‍ കുമാര്‍ പറഞ്ഞു. മൂന്നാമത്തെ സോണില്‍ മൃതദേഹം കണ്ടെത്താന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മീനാക്ഷി പുഴയില്‍ അഞ്ച് കിലോമീറ്റര്‍ ഓരോ സംഘത്തെ ഏല്‍പ്പിച്ച് തെരച്ചില്‍ നടത്തും. സ്ഥലത്ത് ഏല്ലാ ഉപകരണങ്ങളും സജ്ജമാണ്. കാലാവസ്ഥ മാത്രമാണ് വെല്ലുവിളിയാകുന്നത്. നിലവില്‍ രണ്ട് നായകള്‍ സ്ഥലത്തുണ്ട്. ഇനിയും രണ്ട് നായകളെ കൂടി സ്ഥലത്തെത്തിക്കുമെന്നും മന്ത്രി പറയുന്നു.

മേഖലയിലെ ജനങ്ങളെ മുഴുവന്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇവരെയെല്ലാം ക്യാമ്പിലേക്കാണ് മാറ്റിയത്. മണ്ണിടിച്ചിലിന് പിന്നാലെ ചൂരല്‍മല നിവാസികളാണ് ഒറ്റപ്പെട്ടത്. റോഡിലെ തടസം നീക്കിയതോടെ അതിനും പരിഹാരമായിട്ടുണ്ട്. എന്നിരുന്നാല്‍ ചൂരല്‍മല നിവാസികള്‍ക്ക് മാറണമെങ്കില്‍ അവിടെ നിന്നും മാറാമെന്നും അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് തന്നെയാണ് പ്രഥമ പരിഗണന. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അനുമാനങ്ങളും മറ്റുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് പോലെ അതിന്‍റെ അന്വേഷണത്തിനായി അതുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിക്കുന്നുണ്ട്. അവര്‍ അന്വേഷണം നടത്തട്ടെ. തങ്ങള്‍ മുന്‍വിധി പറയുന്നില്ല. എന്നാല്‍ അവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എന്‍ട്രി ഭാഗത്താണ് അപകടം സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.