പാലിയേക്കര മേല്‍പ്പാലത്തിനടിയിലെ മരണം കൊലപാതകം; തമിഴ്‌നാട് സ്വദേശി പിടിയില്‍

പാലിയേക്കര മേല്‍പ്പാലത്തിനടിയിലെ മരണം കൊലപാതകം; തമിഴ്‌നാട് സ്വദേശി പിടിയില്‍


തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ 70കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. തലവണിക്കരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 14നാണ് മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയ നിലയില്‍ ചന്ദ്രന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

കുടുംബത്തില്‍നിന്ന് വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്ന ചന്ദ്രന്‍ പാലിയേക്കര മേല്‍പ്പാലത്തിനടിയിലായിരുന്നു താമസം. ആക്രി പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. സമീപത്ത് ആക്രി കച്ചവടം നടത്തിയിരുന്ന പ്രഭാകരന്‍ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പം രാത്രികാലം ചെലവഴിച്ചുവരികയായിരുന്നു.

സംഭവദിവസം ആക്രി വിറ്റുകിട്ടിയ പണവുമായി ഇരുവരും പാലിയേക്കരയിലെ കള്ളുഷാപ്പില്‍ മദ്യപിച്ചു. തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വീണ്ടും മദ്യം വാങ്ങി മേല്‍പ്പാലത്തിനടിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ ചന്ദ്രന്‍ പ്രതിയുടെ അമ്മയെ അസഭ്യം പറഞ്ഞതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് കരിങ്കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് ചന്ദ്രന്റെ തലയ്ക്ക് ആക്രമണം നടത്തി പ്രഭാകരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂര്‍ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ കൊലപാതകശ്രമക്കേസും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണക്കേസും ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ മുന്‍കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.