ന്യൂഡല്‍ഹി: അമേരിക്ക-ഇറാന് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ നിയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഷിപ്പിങ് കമ്പനികള്‍ക്കും കപ്പല്‍ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്കും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന് (DGMA) ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.
ലോകമെമ്പാടുമുള്ള കപ്പലുകളില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ നാവികരെ ബാധിക്കുന്ന നിര്‍ദേശമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ നാവികരെ നല്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ രണ്ട് വ്യത്യസ്ത കപ്പല്‍ ആക്രമണങ്ങളില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി. യുദ്ധം ആരംഭിച്ചതിനുശേഷം ഗള്‍ഫ് മേഖലയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം ഇതോടെ 13 ആയി.
അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡിജിഎംഎ നിര്‍ദേശിച്ചു. സംഘര്‍ഷബാധിത മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചതിനാല്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
പേര്‍ഷ്യന്‍ ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക്, സമീപ സമുദ്രമേഖലകള്‍ എന്നിവിടങ്ങളിലെ സുരക്ഷാസാഹചര്യം കപ്പലുകളുടെ ക്യാപ്റ്റന്മാര് നിരന്തരം വിലയിരുത്തുകയും നാവിഗേഷന്‍ മുന്നറിയിപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഡിജിഎംഎ അറിയിച്ചു.
അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലിയുള്ള തര്‍ക്കം ആഗോള ചരക്കുകപ്പല്‍ ഗതാഗതത്തെയും എണ്ണവിലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ നിയോഗിക്കരുത്; ഷിപ്പിങ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം
