പാരിസ്: ഭേദമാകാത്ത ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ സഹായമരണം (Assisted Dying) അനുവദിക്കുന്ന വിവാദ ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അന്തിമ അംഗീകാരം നല്‍കി. ബില്ലിനെ 291 പേര്‍ അനുകൂലിച്ചപ്പോള്‍ 241 പേര്‍ എതിര്‍ത്തു.
എന്നാല്‍ ബില്‍ ഉടന്‍ നിയമമാകില്ല. ഭരണഘടനാ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് ശേഷമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളു. ബില്‍ ഫ്രാന്‍സിന്റെ ഭരണഘടനയ്ക്ക് അനുസൃതമാണോയെന്ന് കൗണ്‍സില്‍ പരിശോധിക്കും. ഒരു മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ബില്‍ പ്രകാരം ഭേദമാകാത്തതും ജീവന് ഭീഷണിയാകുന്നതുമായ രോഗം ബാധിച്ച് കടുത്ത വേദന അനുഭവിക്കുന്ന ചില പ്രായപൂര്‍ത്തിയായ രോഗികള്‍ക്ക് മാത്രമേ സഹായമരണത്തിന് അപേക്ഷിക്കാനാകൂ. മാരകമരുന്ന് രോഗി സ്വയം ഉപയോഗിക്കണം. എന്നാല്‍ ശാരീരികമായി അതിന് കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ ഡോക്ടര്‍മാരുടെ സഹായം അനുവദിക്കൂ.
അപേക്ഷകന്‍ 18 വയസ്സ് പൂര്‍ത്തിയായ ഫ്രഞ്ച് പൗരനോ നിയമപരമായി ഫ്രാന്‍സില്‍ താമസിക്കുന്നയാളോ ആയിരിക്കണം. രോഗം അവസാനഘട്ടത്തിലാണെന്നും വേദന ഫലപ്രദമായി നിയന്ത്രിക്കാനാകില്ലെന്നും മെഡിക്കല്‍ സംഘം സ്ഥിരീകരിക്കണം. രോഗിയുടെ സ്വമേധയാ ഉള്ള അപേക്ഷ മാത്രമേ പരിഗണിക്കൂ. മാനസിക ബുദ്ധിമുട്ടുകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള അപേക്ഷകള്‍ അംഗീകരിക്കില്ല. ഗുരുതര മാനസിക രോഗമുള്ളവരെയും അല്‍ഷിമേഴ്‌സ് പോലുള്ള രോഗമുള്ളവരെയും പദ്ധതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓരോ അപേക്ഷയും ഡോക്ടര്‍മാര്‍ 15 ദിവസത്തിനകം പരിശോധിക്കണം. തുടര്‍ന്ന് നിര്‍ബന്ധിതമായ ആലോചനാ കാലയളവും പൂര്‍ത്തിയാക്കിയ ശേഷമേ രോഗിക്ക് മരുന്ന് ഉപയോഗിക്കാനാകൂ. വീട്ടിലോ ആശുപത്രിയിലോ മരുന്ന് ഉപയോഗിക്കാമെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ സമീപത്തുണ്ടാകും. ചികിത്സാ ചെലവ് ഫ്രാന്‍സിന്റെ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഹിക്കും.
2022ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ വാഗ്ദാനമാണ് ഇതിലൂടെ നടപ്പായതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ഫ്രഞ്ച് ജനങ്ങളുമായി നടത്തിയ ദീര്‍ഘകാല ചര്‍ച്ചകള്‍ക്കും ജനാധിപത്യ നടപടിക്രമങ്ങള്‍ക്കും ശേഷമാണ് ഈ ഘട്ടത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സിന്റെ സെനറ്റ് ബില്‍ തള്ളിയിരുന്നെങ്കിലും ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് ദേശീയ അസംബ്ലി അന്തിമ അംഗീകാരം നല്‍കിയത്. ഇനി ഭരണഘടനാ കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.
ഫ്രാന്‍സില്‍ സഹായമരണ ബില്‍ പാര്‍ലമെന്റ് പാസാക്കി; നിയമമാകുന്നത് ഭരണഘടനാ പരിശോധനയ്ക്ക് ശേഷം
