വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എം. മണിയുടെ വിവാദ പരാമര്‍ശം; 'മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ തിരിച്ചടിക്കും'

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എം. മണിയുടെ വിവാദ പരാമര്‍ശം; 'മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ തിരിച്ചടിക്കും'


തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. 'മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വഴിയേ നടക്കാനാകില്ലെന്നും, 'പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാണ്... പിന്നെയാണോ ഫോറസ്റ്റുകാര്‍' എന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി കഞ്ഞിക്കുഴി മേഖലയില്‍ റവന്യൂ ഭൂമി വനംവകുപ്പ് കൈയേറുന്നുവെന്ന് ആരോപിച്ച് കര്‍ഷക സംഘം സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലായിരുന്നു മണിയുടെ വിവാദ പരാമര്‍ശങ്ങള്‍.

വനംവകുപ്പും പൊലീസും നിയമത്തിന്റെ പേരില്‍ ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ മണി, 'മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്താല്‍ മര്യാദയ്ക്ക് മുന്നോട്ടുപോകാം. അല്ലെങ്കില്‍ ഞങ്ങള്‍ക്കും നിയമം കൈയിലെടുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ നേരിടാന്‍ എത്തുന്നവരെയും നേരിടും' എന്നും പറഞ്ഞു.

'പൊലീസുകാര്‍ക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും വീട്ടില്‍ ഭാര്യയും മക്കളുമുണ്ട്. ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും. ഇത് തമാശയല്ല,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനംവകുപ്പ് റവന്യൂ ഭൂമി കൈയേറി കര്‍ഷകരെ കുടിയിറക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു എം.എം. മണിയുടെ പ്രസംഗം.

പ്രസംഗത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെയും എം.എം. മണി വിമര്‍ശിച്ചു. 'മുഖ്യമന്ത്രി ഉമ്മാക്കി കാണിക്കാനാണ് വരുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.