'സംവരണത്തേക്കാൾ മികവിന് മുൻതൂക്കം'; ഇന്ത്യ ചൈനയിൽ നിന്ന് പഠിക്കണം

'സംവരണത്തേക്കാൾ മികവിന് മുൻതൂക്കം'; ഇന്ത്യ ചൈനയിൽ നിന്ന് പഠിക്കണം


ന്യൂഡൽഹി: ഇന്ത്യയിലെ സംവരണ (Affirmative Action) നയത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, ചൈനയുടെ മികവ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച അഭിപ്രായലേഖനം. സർക്കാർ ജോലികളിലും പൊതുമേഖലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ജാതി സംവരണം വ്യാപിപ്പിക്കണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ താരതമ്യം മുന്നോട്ടുവെക്കുന്നത്.

സംവരണ സംവിധാനമാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് തിരിച്ചടിയാകുന്നതെന്നും, മറുവശത്ത് കഴിവിനും പ്രകടനത്തിനും മുൻതൂക്കം നൽകുന്ന ചൈനയുടെ സമീപനം സാമ്പത്തികവും സാങ്കേതികവുമായ രംഗങ്ങളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയെന്നുമാണ് ലേഖനത്തിലെ പ്രധാന വാദം.

ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന പൊതുചർച്ചയിൽ സംസാരിച്ച എഴുത്തുകാരനും പ്രോക്ടർ ആൻഡ് ഗാംബിൾ ഇന്ത്യയുടെ മുൻ സി.ഇ.ഒയുമായ ഗുർചരൺ ദാസിന്റെ അഭിപ്രായങ്ങളും ലേഖനത്തിൽ ഉദ്ധരിക്കുന്നു. '21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യവും മികവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതാണ്' എന്ന് അദ്ദേഹം പറഞ്ഞു.

സമീപകാല ദശകങ്ങളിൽ ചൈന ദാരിദ്ര്യം ഗണ്യമായി കുറയ്ക്കുകയും വലിയ മധ്യവർഗ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയ ഗുർചരൺ ദാസ്, വിദ്യാഭ്യാസത്തിലും ഭരണനേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലും ചൈന മികവിന് നൽകിയ പ്രാധാന്യമാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളിലൊന്നെന്ന് അഭിപ്രായപ്പെട്ടു.

ചൈനയുടെ വികസനാനുഭവം ഇന്ത്യ ഗൗരവമായി പഠിക്കണമെന്നും, മികവിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ലേഖനം നിർദേശിക്കുന്നു.