വീടിന് തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം; നാല് മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെടുത്തു

വീടിന് തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം; നാല് മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെടുത്തു


തൊടുപുഴ: ഇടുക്കി വെള്ളത്തൂവല്‍ പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തീപിടിച്ച വീട്ടില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള അപകടമെന്ന് വിലയിരുത്തല്‍. വയോധികയും മകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബമാണ് വീടിന് തീപിടിച്ച് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് വീടിന് തീപിടിച്ചത് എന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് വിവരം പുറത്തറിഞ്ഞത്. വീട്ടില്‍നിന്നു ഇന്നലെയും ഇന്നുമായി നാല് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.

പരേതനായ തെള്ളിപടവില്‍ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (4), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. ഇതില്‍ അഭിനവിന്റെ മൃതദേഹം നാട്ടുകാര്‍ ഇന്നലെ രാത്രിയോടെ കണ്ടെത്തിയിരുന്നു.

തീപിടിച്ച വീട്ടില്‍ ഇന്ന് രാവിലെ ഫൊറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപടര്‍ന്നതായുള്ള സൂചനകള്‍ ലഭിച്ചത്. പൊലീസും ഡോഗ് സ്‌ക്വാഡും രാവിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.