ജി. സുധാകരന്‍ ബിജെപി മനസുകൊണ്ട് ബിജെപി; വീട്ടില്‍പോയി ഷാള്‍ അണിയിച്ചു-വിവാദപ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണന്‍

ജി. സുധാകരന്‍ ബിജെപി മനസുകൊണ്ട് ബിജെപി; വീട്ടില്‍പോയി ഷാള്‍ അണിയിച്ചു-വിവാദപ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണന്‍


കണ്ണൂര്‍: ജി സുധാകരന്റെ പാതിമനസ്സ് ബിജെപിയോടൊപ്പമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മനസുകൊണ്ട് ജി സുധാകരനും ഭാര്യയും ബിജെപിയില്‍ അഗത്വം സ്വീകരിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും സംസാരിച്ചെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വീടിന്റെ ഗേറ്റില്‍ വന്നാണ് സുധാകരന്‍ സ്വീകരിച്ചത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ചു തിരിച്ചും സ്വീകരിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞു. തളിപ്പറമ്പില്‍ നടന്ന കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയിലായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രസംഗം.

ആലപ്പുഴയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാല്‍ ജമാ അത്തെ ഇസ്ലാമിയാണ്. ഭീകരവാദികളാണ് ആലപ്പുഴയിലെ സിപിഐഎമ്മില്‍. ഭീകരവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ ജി സുധാകരനും ഭാര്യയുമടക്കമുള്ളവര്‍ ദുഃഖിതരാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജി സുധാകരനെ ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്യുന്നതിനിടയിലാണ് ഗോപാലകൃഷ്ണന്റെ അവകാശവാദം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ചു. അതൃപ്തര്‍ക്ക് സ്വാഗതം എന്ന് പറഞ്ഞാണ് സുധാകരനെ പേരെടുത്ത് പറയാതെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തത്.

ജി സുധാകരന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങള്‍ വാസ്തവമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐഎമ്മിനെ മണല്‍ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് അദ്ദേഹത്തിന്റെ ആരോപണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും കായംകുളത്തും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും വ്യാപകമായി ആളുകളെ ഡിവൈഎഫ്‌ഐയിലേക്കും സിപിഐഎമ്മിലേക്കും റിക്രൂട്ട് ചെയ്യുകയാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചര്‍ച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും  പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാല്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പ്രതികരണം.

പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, ജി സുധാകരനുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സുധാകരന്റെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. രാഷ്ട്രീയമായ എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.