എംടിയോടുള്ളത് വൈകാരികമായ അടുപ്പമെന്ന് മോഹൻലാൽ

എംടിയോടുള്ളത് വൈകാരികമായ അടുപ്പമെന്ന്  മോഹൻലാൽ


കോഴിക്കോട്: എംടിയോടുള്ളത് വൈകാരികമായ അടുപ്പമെന്ന് നടൻ മോഹൻലാൽ. അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് ചലച്ചിത്രതാരം മോഹൻലാൽ. എം.ടിയുടെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. ഇന്ന് പുലർേെയാടെയാണ് മോഹൻലാൽ സിതാരയിലെത്തിയത്.

എം.ടിയുടെ രണ്ട് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. അവസാനമായി ഓളവും തീരവും എന്ന സിനിമയിലാണ് അഭിനയിച്ചത്. തന്നോട് വലിയ സ്‌നേഹമായിരുന്നു. വൈകാരികമായ അടുപ്പമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഇന്ത്യയിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് എം.ടി. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. തന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം എത്തിയിരുന്നുവെന്നും മോഹൻലാൽ അനുസ്മരിച്ചു.

കോൺഗ്രസ് രണ്ട് ദിനം ദുഖാചരണം നടത്തും

എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കെ.പി.സി.സി രണ്ട് ദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയും ഡി.സി.സികളും ഇന്ന് നടത്താനിരുന്ന സമ്മേളനങ്ങൾ മാറ്റിവെച്ചു. പ്രസ്തുത പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് നടത്തും.

എംടി മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്ര-കെ. സുധാകരൻ

മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അനുശോചിച്ചു. എം.ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു.

ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ കഥകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പർശിച്ചിരുന്നു. അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാർ ഏറ്റെടുത്തത്.

വൈകാരിക സംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലർത്തിയ സാഹിത്യകാരനാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികൾ ഓരോന്നിനെയും മികവുറ്റതാക്കി. മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരൻ എംടിയുടെ വേർപാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ. സുധാകരൻ പറഞ്ഞു.

മലയാളം ഉള്ളിടത്തോളം എം.ടിയുടെ ഓർമകളും നിലനിൽക്കും-പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വേർപെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകൾ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവൻ തുടിക്കുന്നുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.  മധുര മലയാളം ഉള്ളിടത്തോളം എം.ടിയുടെ ഓർമകളും നിലനിൽക്കുമെന്ന് സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.