പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളുടെ തമ്പുരാനാണ് വിടവാങ്ങിയത്. മലയാള സാഹിത്യലോകത്തിന് അരുളപ്പാടായി കിട്ടിയ കഥകള്‍ വായിച്ചുതീരുംമുമ്പേ കഥാകാരന്‍ വിടവാങ്ങി..
'എം ടി' എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. 1933 ജൂലൈയില്‍ പാലക്കാട് കൂടല്ലൂരിലാണ് ജനനം. പുന്നയൂര്‍ക്കുളം ടി നാരായണന്‍ നായരുടെയും കൂടല്ലൂര്‍ അമ്മാളുവമ്മയുടെയും ഇളയ മകന്‍. സ്‌കൂള്‍ വിദ്യാഭ്യാസം കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലും മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌കൂളിലും. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രത്തില്‍ ഉപരിപഠനം.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂളുകളില്‍ കണക്ക് അധ്യാപകനായി. ഇടയ്ക്ക് കിട്ടിയ ഗ്രാമസേവകന്റെ ജോലി ദിവസങ്ങള്‍ക്കകം രാജിവക്കുകയും അധ്യാപന രംഗത്ത് മടങ്ങിവരികയും ചെയ്തു. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നതോടെ തട്ടകം കോഴിക്കോടേക്ക് മാറ്റി.
ബിരുദത്തിനു പഠിക്കുമ്പോള്‍ 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം ടിയുടെ 'വളര്‍ത്തുമൃഗങ്ങള്‍' ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ ശ്രദ്ധേയനാകുന്നത്.
'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ഈ സമയത്താണ് ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്' (1958) ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം. പില്‍ക്കാലത്ത് 'സ്വര്‍ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
196364 കാലത്ത് സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയെഴുതി എം ടി സിനിമാ ലോകത്ത് പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മിച്ച 'നിര്‍മാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്‌കാരം ലഭിച്ചു.
'കാലം'(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), 'രണ്ടാമൂഴം' (വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്) എന്നീ കൃതികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 200ലെ മാതൃഭൂമി പുരസ്‌കാരവും എം ടിക്കായിരുന്നു. രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാര്‍ മേനോനുമായുള്ള കോടതി വ്യവഹാരത്തില്‍ പാതിവഴിയില്‍ മുടങ്ങി.
മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1999 ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതല്‍ തുഞ്ചന്‍ സ്മാരക സമിതി അധ്യക്ഷനായി.
1965ല്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയെയാണ് എം ടി ആദ്യം വിവാഹം ചെയ്തത്. 1977ല്‍ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ ജീവിതസഖിയാക്കി.കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. രണ്ടാമത്തെ മകള്‍ അശ്വതി നര്‍ത്തകിയും സിനിമാ സംവിധായികയുമാണ്
കഥമുഴുവന്‍ തീരും മുമ്പേ....