കെ എസ് യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് പരിക്ക്; ഐ സി യുവില്‍ പ്രവേശിപ്പിച്ചു

കെ എസ് യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് പരിക്ക്; ഐ സി യുവില്‍ പ്രവേശിപ്പിച്ചു


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ പരുക്കേറ്റ മന്ത്രി വീണ ജോര്‍ജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെ എസ് യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

കഴുത്തിനും കൈക്കും പരുക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം നിലനിന്നിരുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹം സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെങ്കിലും തടയാനായില്ല.

ആരോഗ്യ മന്ത്രിക്കെതിരെ നടന്ന ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സ്റ്റേഷനില്‍ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ല, ഒരു കൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ് ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതാണ്. എന്നിട്ടും സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരേ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാന്‍ കഴിയുക. ഇതിന് ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും നേതൃത്വത്തിന് തന്നെയാണെന്നും കെ എസ് യുവിന്റെ ശൈലി അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.