വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച രാത്രി കോൺഗ്രസിൽ നടത്തുന്ന സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ നിന്ന് പ്രതിനിധിസഭയിലെ രണ്ടാം നമ്പർ ഡെമോക്രാറ്റിക് നേതാവും മൈനോറിറ്റി വിപുമായ കാതറിൻ ക്ലാർക്ക് വിട്ടുനിൽക്കും. എബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് അവർ തീരുമാനം വ്യക്തമാക്കിയത്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തോട് പറഞ്ഞ വാഗ്ദാനങ്ങൾക്ക് വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചതെന്നും, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും ജനങ്ങളോടുള്ള അവഗണനയുമാണ് ഭരണകൂടത്തിന്റെ മുഖമുദ്രയെന്നും ക്ലാർക്ക് വിമർശിച്ചു.
ട്രംപ് പ്രസംഗിക്കുന്ന സമയത്ത് താൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭരണകൂട നയങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യം ചർച്ച ചെയ്യുമെന്ന് ക്ലാർക്ക് പറഞ്ഞു. സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം ബഹിഷ്‌കരിക്കാൻ കുറഞ്ഞത് 45 ഡെമോക്രാറ്റിക് അംഗങ്ങളെങ്കിലും തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇവരിൽ പലരും പുരോഗമന സംഘടനയായ മൂവോൺ, നാഷണൽ മാളിൽ സംഘടിപ്പിക്കുന്ന പ്രതിപക്ഷ പരിപാടിയിൽ പങ്കെടുക്കും.
അതേസമയം, ഡെമോക്രാറ്റുകളുടെ ബഹിഷ്‌കരണ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച പ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ അത് ലജ്ജാകരമാണെന്ന് പറഞ്ഞു. അതേ സമയം അംഗങ്ങൾക്ക് സ്വന്തം മണ്ഡലത്തിന്റെ താൽപര്യം മുൻനിർത്തി പ്രസംഗത്തിൽ പങ്കെടുക്കണമോ വിട്ടുനിൽക്കണമോ എന്നത് തീരുമാനിക്കാമെന്ന നിലപാടാണ് ഡെമോക്രാറ്റിക് മൈനോറിറ്റി ലീഡർ ഹകീം ജെഫ്രീസ് സ്വീകരിച്ചത്. എങ്കിലും ഭൂരിഭാഗം ഡെമോക്രാറ്റുകളും ട്രംപിന്റെ പ്രസംഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
നവംബർ മിഡ്‌ടേം തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രസിഡന്റിന് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രധാന അവസരമായാണ് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ പ്രസംഗത്തിനു പിന്നാലെ അബിഗെയിൽ സ്പാൻബർഗർ ഡെമോക്രാറ്റിക് ഭാഗത്തുനിന്നുള്ള മറുപടി അവതരിപ്പിക്കും. വിലക്കയറ്റവും ആഭ്യന്തര-വിദേശ നയങ്ങളിലുണ്ടായ കലാപാവസ്ഥയുമാകും അവരുടെ പ്രതികരണത്തിലെ പ്രധാന വിഷയങ്ങൾ.
ടംപിന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം ബഹിഷ്‌കരിച്ച് മുതിർന്ന ഡെമോക്രാറ്റിക് നേതാവ്; 45ലേറെ പേർ വിട്ടുനിൽക്കും
