യുദ്ധഭീഷണി ശക്തം: 'യുദ്ധം ഒഴിവാക്കണമെങ്കിൽ യുദ്ധത്തിനൊരുങ്ങണമെന്ന് ഇറാൻ; ബലം പ്രയോഗിക്കാൻ തയ്യാറെന്ന് ട്രംപ്

യുദ്ധഭീഷണി ശക്തം: 'യുദ്ധം ഒഴിവാക്കണമെങ്കിൽ യുദ്ധത്തിനൊരുങ്ങണമെന്ന് ഇറാൻ; ബലം പ്രയോഗിക്കാൻ തയ്യാറെന്ന് ട്രംപ്


ടെഹ്രാൻ/വാഷിംഗ്ടൺ: ആണവപരിപാടിയെ ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ യുദ്ധഭീഷണി പരസ്യമായി ഉയർന്നു. 'യുദ്ധം നടക്കാതിരിക്കണമെങ്കിൽ നൂറുശതമാനം യുദ്ധത്തിനൊരുങ്ങിയിരിക്കണം' എന്ന നിലപാടാണ് ഇറാനിലെ മുതിർന്ന നയതന്ത്രജ്ഞൻ റാമിൻ മെഹ്മാൻപരസ്ത് വ്യക്തമാക്കിയത്. അതേസമയം, ആവശ്യമെങ്കിൽ ശക്തിപ്രയോഗത്തിന് പിന്നോട്ടില്ലെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയത്.

ജെനീവയിൽ വ്യാഴാഴ്ച (ഫെബ്രുവരി 26) നടക്കാനിരിക്കുന്ന മൂന്നാംഘട്ട പരോക്ഷ ആണവചർച്ചയ്ക്ക് മുന്നോടിയായി ഇറാൻ തയ്യാറാണെന്ന് മെഹ്മാൻപരസ്ത് പറഞ്ഞു. പരസ്പര ബഹുമാനത്തോടെയും നീതിപൂർണമായും കരാറിലെത്താൻ ഇറാൻ സന്നദ്ധമാണെന്നും 'പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്' എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സൈനിക ഭീഷണിയിലൂടെ ഇറാനിൽ നിന്ന് ഇളവുകൾ നേടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സായുധസേന ഉയർന്ന സജ്ജീകരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ,  ഇറാൻ വിഷയത്തിൽ ആദ്യ പരിഗണന നയതന്ത്ര മാർഗത്തിനാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സാഹചര്യം ആവശ്യപ്പെട്ടാൽ പ്രാണഹാനി വരുത്തുന്ന ശക്തിപ്രയോഗത്തിനും പ്രസിഡന്റ് ട്രംപ് തയ്യാറാണെന്നും കരോളിൻ ലെവിറ്റ് കൂട്ടിച്ചേർത്തു.

ഇറാൻ വിഷയത്തിൽ യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് വൈറ്റ് ഹൗസിൽ കോൺഗ്രസിലെ പ്രമുഖ നേതാക്കളെ ബ്രീഫ് ചെയ്യും എന്നാണ് റിപ്പോർട്ട്. ഹൗസ്, സെനറ്റ് നേതാക്കളും ഇന്റലിജൻസ് കമ്മിറ്റികളുടെ ഉന്നത അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ഇതിന് മണിക്കൂറുകൾക്കുശേഷമാണ് ട്രംപ് ക്യാപിറ്റോളിൽ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തുന്നത്.

ആണവപരിപാടിയെ ചൊല്ലിയുള്ള തർക്കം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്  നീങ്ങുമ്പോൾ നയതന്ത്ര ശ്രമങ്ങൾ ഫലം കാണുമോയെന്നതിലാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണുകൾ.