മോസ്‌കോ: മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് റഷ്യന്‍ അധികാരികള്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ പ്ലാറ്റ്ഫോമിനെതിരായ സര്‍ക്കാരിന്റെ എതിര്‍പ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കാര്‍ നിയന്ത്രിത ദിനപത്രമായ റോസിസ്‌കയ ഗസെറ്റ റിപ്പോര്‍ട്ട് ചെയ്തു. ടെലഗ്രാമില്‍ പാശ്ചാത്യ രാജ്യങ്ങളുടെയും യുക്രെയ്‌നിന്റെയും ഇന്റലിജന്‍സ് നെറ്റ്വര്‍ക്കുകള്‍ കടന്നുകയറിയതായി അധികൃതര്‍ ആരോപിക്കുന്നു.
ഈ മാസം ആദ്യം നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചത് ചൂണ്ടിക്കാട്ടി ടെലഗ്രാമിന്റെ ട്രാഫിക് ഉദ്ദേശപൂര്‍വ്വം മന്ദഗതിയാക്കുമെന്ന് നിയന്ത്രണാധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. സാര്‍വഭൗമ ഇന്റര്‍നെറ്റ് എന്ന ആശയത്തിന്റെ ഭാഗമായി കര്‍ശന ആഭ്യന്തര മേല്‍നോട്ടത്തിന് വിധേയമായ ഡിജിറ്റല്‍ സംവിധാനം രൂപപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പിന്തുണയുള്ള 'മാക്‌സ്' എന്ന മെസേജിംഗ് സേവനത്തിലേക്ക് ഉപയോക്താക്കളെ മാറാന്‍ ക്രെംലിന്‍ പ്രോത്സാഹിപ്പിക്കുന്നത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാവുന്ന ഉള്ളടക്കങ്ങള്‍ ടെലഗ്രാമില്‍ കണ്ടെത്തിയതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. നിരവധി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റഷ്യന്‍ നിയന്ത്രണാധികാരികളുമായി സഹകരിക്കാന്‍ കമ്പനിയുടെ നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യന്‍ സൈനിക നേതാക്കളെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ നടത്തിയതായി പറയുന്ന 13 ഓപ്പറേഷനുകളില്‍ ടെലഗ്രാം ഉപയോഗിച്ചതായും കൂടാതെ ബോംബാക്രമണങ്ങള്‍, തീകൊളുത്തല്‍, വധശ്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളിലും പ്ലാറ്റ്ഫോം ഉപയോഗിച്ചുവെന്നുമാണ് അധികൃതരുടെ വാദം.
ആരോപണം ശക്തമായിട്ടും ടെലഗ്രാമിനെ പൂര്‍ണ്ണമായും നിരോധിക്കാന്‍ മോസ്‌കോ ഇതുവരെ തയ്യാറായിട്ടില്ല. സാധാരണ പൗരന്മാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ദൈനംദിന ആശയവിനിമയത്തില്‍ ആപ്പിന് ശക്തമായ സ്വാധീനമുണ്ട്. യുദ്ധഭൂമിയിലും ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു.
ആഭ്യന്തര നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുവെങ്കില്‍ ടെലഗ്രാമിന് പ്രവര്‍ത്തനം തുടരാനാകുമെന്ന് റഷ്യന്‍ അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അതിന് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളിലേക്കുള്ള പ്രവേശനം അധികാരികള്‍ക്ക് നല്‍കുകയും പ്രതിപക്ഷ ബന്ധമുള്ള ചാനലുകള്‍ നീക്കുകയും ചെയ്യേണ്ടിവരുമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
റഷ്യന്‍ സര്‍ക്കാരുമായുള്ള ദുറോവിന്റെ ബന്ധം വര്‍ഷങ്ങളായി സംഘര്‍ഷഭരിതമാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 2014-ല്‍ അദ്ദേഹം റഷ്യ വിടുകയും ഫേസ്ബുക്കിനോട് താരതമ്യം ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കായ വി കെയിലെ തന്റെ ഓഹരി വിറ്റഴിക്കുകയും ചെയ്തു. തുടര്‍ന്ന് ടെലഗ്രാം സ്ഥാപിച്ച അദ്ദേഹം ഇപ്പോള്‍ ദുബായില്‍ താമസിക്കുകയാണ്. 2018-ല്‍ ടെലഗ്രാമിനെ നിരോധിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും എതിരെയുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ ടെലഗ്രാമിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.
റഷ്യ ഇതിനകം വാട്‌സ്ആപ്, ഫേസ്ബുക്ക്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ തടഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ നിരവധി ഉപയോക്താക്കള്‍ വര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (വി പി എന്‍) ആശ്രയിക്കുന്നുണ്ട്.
പുതിയ അന്വേഷണത്തെക്കുറിച്ച് ദുറോവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ മാസം ആദ്യം, ടെലഗ്രാമിനെ നിയന്ത്രിക്കാന്‍ റഷ്യ സ്വീകരിച്ച നടപടികളെ അദ്ദേഹം വിമര്‍ശിക്കുകയും ഇറാന്‍ നടത്തിയ സമാന ശ്രമങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സ് അധികാരികള്‍ ടെലഗ്രാം വഴി നടന്നതായി ആരോപിക്കപ്പെട്ട കുട്ടികളുടെ ചൂഷണം, മയക്കുമരുന്ന് വിതരണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദുറോവിനെ മൂന്ന് ദിവസത്തേക്ക് തടഞ്ഞുവെച്ചതും ശ്രദ്ധേയമാണ്.
