തൊഴിൽതേടുന്നവർക്ക് ആശ്വാസം: പി.എസ്.സി പ്രായപരിധി 40 ആയി ഉയർത്തി

തൊഴിൽതേടുന്നവർക്ക് ആശ്വാസം: പി.എസ്.സി പ്രായപരിധി 40 ആയി ഉയർത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി വഴി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36ൽ നിന്ന് 40 വയസ്സായി സർക്കാർ വർധിപ്പിച്ചു. ഇന്ന്‌ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം കൈക്കൊണ്ടത്.
പുതിയ തീരുമാനപ്രകാരം പൊതുവിഭാഗത്തിന് 40 വയസ്സുവരെയും, ഒബിസി വിഭാഗങ്ങൾക്ക് 43 വയസ്സുവരെയും, എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 45 വയസ്സുവരെയും അപേക്ഷിക്കാം.  
കോവിഡ് കാലത്തെ തടസ്സങ്ങളും പരീക്ഷകൾ വൈകുന്നതും മൂലം പ്രായപരിധി കഴിഞ്ഞുപോയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഈ തീരുമാനം പുതിയ പ്രതീക്ഷ നൽകുന്നു. വരാനിരിക്കുന്ന വലിയ വിജ്ഞാപനങ്ങളിൽ ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് സൂചന.
വർഷങ്ങളായി ഉദ്യോഗാർഥികൾ ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്നതോടെ, 2013 ഏപ്രിൽ 1ന്‌ശേഷം നിയമിതരാകുന്ന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്തിയിരുന്നു. അതേസമയം, പി.എസ്.സി അപേക്ഷാ പ്രായപരിധി 36 വയസ്സായി തുടരുകയായിരുന്നു. ഈ വ്യത്യാസം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഇപ്പോൾ ആ പ്രായപരിധി 40 വയസ്സായി ഉയർത്തിയതോടെ കൂടുതൽപേർക്ക് സർക്കാർജോലിനേടാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തെലങ്കാന (46),ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തർപ്രദേശ് (40) എന്നിവിടങ്ങളിലും സമാനമായ പ്രായപരിധിയാണ് നിലവിലുള്ളത്.