40 ജാപ്പനീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ചൈനയുടെ ഇറക്കുമതി നിയന്ത്രണം

40 ജാപ്പനീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ചൈനയുടെ ഇറക്കുമതി നിയന്ത്രണം


ബീജിംഗ്: ഏഷ്യയിലെ രണ്ട് പ്രമുഖ സാമ്പത്തിക ശക്തികളായ ചൈനയും ജപ്പാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ചൈന 40 ജാപ്പനീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഇറക്കുമതി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഏതാനും മാസങ്ങളായി നീണ്ടുനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ജപ്പാന്‍ സന്ദര്‍ശിക്കുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.

ജപ്പാന്റെ പുനര്‍സൈനികവത്ക്കരണവും ആണവാഭിലാഷങ്ങളും നിയന്ത്രിക്കുന്നതിനാണ് നടപടികളെന്നും ഇത് പൂര്‍ണ്ണമായും നിയമാനുസൃതവും യുക്തിസഹവും നിയമപരവുമാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

ജപ്പാന്‍ പ്രധാനമന്ത്രി സനയി തകൈച്ചി നവംബറില്‍ നടത്തിയ പ്രസ്താവനകളെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് തുടക്കമായത്. സ്വയംഭരണ പ്രദേശമായ തായ്വാനെതിരെ ചൈന സൈനികാക്രമണം നടത്തിയാല്‍ ടോക്കിയോ സൈനികമായി ഇടപെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു അവരുടെ പ്രസ്താവനയിലെ സൂചന. തായ്വാനെ ചൈന സ്വന്തം ഭാഗമായി കണക്കാക്കുന്ന സാഹചര്യത്തില്‍ ഈ പരാമര്‍ശം ബീജിംഗില്‍ കടുത്ത പ്രതികരണം ഉണ്ടാക്കി.

ചൈന യുദ്ധക്കപ്പലുകളും സൈനികശക്തിയും ഉപയോഗിച്ച് തായ്വാനെ ആക്രമിച്ചാല്‍ അത് ജപ്പാന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകും എന്നായിരുന്നു തകൈച്ചിയുടെ വാക്കുകള്‍.

സിവിലിയനും സൈനികവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡ്യൂയല്‍ യൂസ് വസ്തുക്കളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ് ചൈന പ്രഖ്യാപിച്ച നടപടിഖള്‍. 20 ജാപ്പനീസ് സ്ഥാപനങ്ങളെയാണ് ഇത് ബാധിക്കുക. ഇവയില്‍ മിത്സുബ്ഷി ഹെവി ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനങ്ങളും ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയും ഉള്‍പ്പെടുന്നു.

കൂടാതെ, വാഹന നിര്‍മ്മാതാക്കളായ സുബാറു ഉള്‍പ്പെടെ 20 മറ്റ് ജാപ്പനീസ് സംഘടനകളെ ചൈന 'വാച്ച് ലിസ്റ്റില്‍' ഉള്‍പ്പെടുത്തി. ഇതോടെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കയറ്റുമതികള്‍ക്ക് കൂടുതല്‍ കര്‍ശനമായ പരിശോധന നേരിടേണ്ടിവരും.

നിയമം പാലിക്കുന്ന സത്യസന്ധമായ ജാപ്പനീസ് സ്ഥാപനങ്ങള്‍ക്ക് ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ജപ്പാന്‍ ഈ നടപടികളെ ശക്തമായി എതിര്‍ത്തു. ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി കെഇ സാറ്റോ ബീജിംഗിന്റെ നീക്കത്തെ പൂര്‍ണ്ണമായും അംഗീകരിക്കാനാവാത്തതും അതീവ ഖേദകരവുമാണ് എന്നാണ് വിശേഷിപ്പിച്ചത്. 

ഇതിനിടെ, തകൈച്ചി നയിച്ച ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ ഡി പി) 465 അംഗങ്ങളുള്ള അധോസഭയില്‍ 316 സീറ്റുകള്‍ നേടി ചരിത്ര വിജയം കൈവരിച്ചു. ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണനയും സജീവമായ സര്‍ക്കാര്‍ ചെലവും മുന്‍നിര്‍ത്തിയ 'ജപ്പാന്‍ ഫസ്റ്റ്' അജന്‍ഡയാണ് ഈ വിജയത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിനാല്‍ തകൈച്ചിയെ പലരും ജപ്പാന്റെ അയേണ്‍ ലേഡി എന്നും വിശേഷിപ്പിച്ചു.

തകൈച്ചിയുടെ പദ്ധതിയില്‍ പ്രതിരോധ ചെലവ് ജി ഡി പിയുടെ 2 ശതമാനമായി ഉയര്‍ത്തുക, അഞ്ച് വര്‍ഷത്തെ പദ്ധതിയിലൂടെ സെല്‍ഫ്- ഡിഫന്‍സ് ഫോഴ്‌സസ് (എസ് ഡി എഫ്) ശക്തിപ്പെടുത്തുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 9 ഭേദഗതി ചെയ്ത് ഔദ്യോഗിക സ്ഥിര സൈന്യം രൂപീകരിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നു.

സ്വയം പ്രതിരോധിക്കാന്‍ തയ്യാറാകാത്ത ഒരു രാജ്യത്തിന് ആരും സഹായത്തിനെത്തില്ലെന്നും നമ്മുടെ രാജ്യത്തിന്റെ സമാധാനവും സ്വാതന്ത്ര്യവും ഭൂപ്രദേശം, സമുദ്രപരിധി, ആകാശപരിധി, പൗരന്മാരുടെ ജീവനും സുരക്ഷയും നാം ഉറച്ച നിലപാടോടെ സംരക്ഷിക്കുമെന്നായിരുന്നു വിജയത്തിനുശേഷമുള്ള ആദ്യ പ്രസംഗത്തില്‍ തകൈച്ചി പറഞ്ഞത്.

ദേശീയ ഇന്റലിജന്‍സ് വിശകലന ശേഷി വര്‍ധിപ്പിച്ച് പ്രതിസന്ധികള്‍ തടയുകയും ദേശീയ താത്പര്യങ്ങള്‍ തന്ത്രപരമായി സംരക്ഷിക്കുന്ന സംവിധാനം സൃഷ്ടിക്കുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.