കേരള ഇനി 'കേരളം' ആകും; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേരള ഇനി 'കേരളം' ആകും; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ കേരളത്തിന്റെ പേര് ഇംഗ്ലീഷില്‍ കേരള എന്നെഴുതുന്നത് കേരളം എന്നാക്കി മാറ്റാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. 

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ, 'കേരള (പേരുമാറ്റം) ബില്‍, 2026' എന്ന പേരിലുള്ള ബില്‍ രാഷ്ട്രപതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3ലെ വ്യവസ്ഥപ്രകാരം കേരള സംസ്ഥാന നിയമസഭയുടെ അഭിപ്രായം അറിയുന്നതിന് റഫര്‍ ചെയ്യും. കേരള നിയമസഭയുടെ അഭിപ്രായം ലഭിച്ചതിന് ശേഷം ഇന്ത്യാ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും പാര്‍ലമെന്റില്‍ 'കേരള' എന്ന സംസ്ഥാനനാമം 'കേരളം' ആയി മാറ്റുന്നതിനുള്ള 'കേരള (പേരുമാറ്റം) ബില്‍, 2026' അവതരിപ്പിക്കാന്‍ രാഷ്ട്രപതിയുടെ ശുപാര്‍ശ നേടുകയും ചെയ്യും.

2024 ജൂണ്‍ 24ന് കേരള നിയമസഭ ഏകകണ്ഠമായി 'കേരള' എന്ന സംസ്ഥാനനാമം 'കേരളം' ആക്കുന്നതിനുള്ള പ്രമേയം പാസാക്കിയിരുന്നു. 

പ്രമേയത്തില്‍ സംസ്ഥാനത്തിന്റെ പേര് മലയാള ഭാഷയില്‍ 'കേരളം' എന്നാണെന്നും  ഭരണഘടനയുടെ ആദ്യ പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണുള്ളതെന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം കേരള എന്ന പേര് കേരളം ആയി ഭേദഗതി ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഏകകണ്ഠമായി അഭ്യര്‍ഥിക്കുന്നുവെന്നും പറഞ്ഞിരുന്നു.