ആണവായുധം വികസിപ്പിക്കില്ല; നയതന്ത്രത്തിന് മുൻഗണന നൽകിയാൽ മാത്രമേ കരാർ സാധ്യമാകൂ - ഇറാൻ വിദേശകാര്യ മന്ത്രി

ആണവായുധം വികസിപ്പിക്കില്ല; നയതന്ത്രത്തിന് മുൻഗണന നൽകിയാൽ മാത്രമേ കരാർ സാധ്യമാകൂ - ഇറാൻ വിദേശകാര്യ മന്ത്രി


ടെഹ്രാൻ: ആണവായുധം വികസിപ്പിക്കില്ലെന്ന നിലപാട് ഇറാൻ ഒരിക്കലും മാറ്റില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കി. എന്നാൽ സമാധാനപരമായ ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ അവകാശം ഉപേക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, യുഎസുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണെന്നും നയതന്ത്രത്തിന് മുൻഗണന നൽകിയാൽ മാത്രമേ കരാർ സാധ്യമാകൂവെന്നും മന്ത്രി വ്യക്തമാക്കി.

മുൻ ചർച്ചകളിൽ രൂപപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തിൽ, ഇറാൻ-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചർച്ചകൾ ജനീവയിൽ പുനരാരംഭിക്കുമെന്ന് അരാഖ്ചി 'എക്‌സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ന്യായവും സമതുലിതവുമായ ഒരു കരാർ കൈവരിക്കാനാണ് ഇറാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

'ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. അതേസമയം, ജനങ്ങളുടെ ക്ഷേമത്തിനായി സമാധാനപരമായ ആണവ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ ഉപയോഗിക്കുന്ന അവകാശം ഞങ്ങൾ ഉപേക്ഷിക്കുകയുമില്ല,' എന്നും മന്ത്രി വ്യക്തമാക്കി. പരസ്പര ആശങ്കകൾ പരിഹരിക്കുകയും ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന, അപൂർവമായൊരു കരാർ സാധ്യമാക്കാനുള്ള ചരിത്രാവസരം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ ധൈര്യത്തോടെ മുന്നോട്ടുപോകുന്ന രാജ്യമാണ് ഇറാനെന്ന് ചൂണ്ടിക്കാട്ടിയ അരാഖ്ചി, അതേ ധൈര്യത്തോടെയാണ് ചർച്ചാമേശയിലും എത്തുന്നതെന്നും, എല്ലാ ഭിന്നതകൾക്കും സമാധാനപരമായ പരിഹാരമാണ് ലക്ഷ്യമെന്നും പറഞ്ഞു.