ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിന് അഴിമതി ആരോപണങ്ങളുമായി ഡെമോക്രാറ്റുകളുടെ മറുപടി, കോൺഗ്രസിൽ പ്രതിഷേധം

ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിന് അഴിമതി ആരോപണങ്ങളുമായി ഡെമോക്രാറ്റുകളുടെ മറുപടി, കോൺഗ്രസിൽ പ്രതിഷേധം


വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് തന്റെ രണ്ടാം കാലാവധിയിലെ ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തി. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവയിൽ തന്റെ ഭരണകാല നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ ട്രംപ്, മധ്യകാല തിരഞ്ഞെടുപ്പിന് മുന്നോടിയായി 'ധൈര്യമായ അജണ്ട' പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഭാഗിക ഷട്ട്ഡൗണും കടുത്ത രാഷ്ട്രീയ ഭിന്നതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രസംഗം നടന്നത്.

സാമ്പത്തിക വളർച്ചയും തൊഴിൽ അവസരങ്ങളും വർധിച്ചെന്ന അവകാശവാദം മുന്നോട്ടുവച്ച ട്രംപ്, കൂടുതൽ നികുതി ഇളവുകൾ ആവശ്യപ്പെട്ടു. കുറഞ്ഞ അംഗീകാര നിരക്കുകൾക്കിടയിലും തന്റെ ഭരണകാലം വിജയകരമാണെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. വിദേശ നയത്തിൽ 'ശക്തിയിലൂടെ,സമാധാനം' എന്ന പുതിയ സിദ്ധാന്തം അവതരിപ്പിച്ച അദ്ദേഹം, ശക്തമായ സൈനിക ശേഷിയിലൂടെ ശത്രുക്കളെ പിന്തിരിപ്പിക്കുമെന്നും, ചർച്ചകളിലൂടെ നേട്ടം കൈവരിക്കുമെന്നും പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശംവെക്കാൻ അനുവദിക്കില്ലെന്നത് യുഎസ് നയമാണെന്നും ട്രംപ് ആവർത്തിച്ചു.

പ്രസംഗത്തിനിടെ ഡെമോക്രാറ്റുകളെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രംപ്, 'അവർ ഭ്രാന്തന്മാരാണ്' എന്നും പറഞ്ഞു. വിർജീനിയയിലെ കൗമാരക്കാരിയായ സേജ് ബ്ലെയറിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

അതേസമയം, വിർജീനിയ ഗവർണർ അബിഗയിൽ സ്പാൻബെർഗർ  ആണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക മറുപടി നൽകിയത്. 'പ്രസിഡന്റ് ജനങ്ങളുടെ ജീവിതം കൂടുതൽ സുലഭമാക്കാൻ പ്രവർത്തിക്കുകയാണോ? രാജ്യത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണോ? ശരിക്കും നിങ്ങൾക്കായി പ്രവർത്തിക്കുകയാണോ?' എന്നിങ്ങനെ മൂന്ന് ചോദ്യങ്ങൾ അവർ ഉയർത്തി. ട്രംപ് വൈറ്റ് ഹൗസിലെ സമയം സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും, വിദേശ സർക്കാരുകളിൽ നിന്ന് അനുഗ്രഹങ്ങൾ തേടുകയാണെന്നും അവർ ആരോപിച്ചു. ഖത്തർ നൽകിയ എയർ ഫോഴ്‌സ് വൺ സമ്മാനവും വൈറ്റ് ഹൗസ് ബോൾറൂം നവീകരണത്തിനുള്ള 'സംഭാവനകളും' ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രസംഗം . 'അഴിമതിയുടെ വ്യാപ്തി മുമ്പൊരിക്കലും ഉണ്ടാകാത്തവിധം വലുതാണ്' എന്നായിരുന്നു അവരുടെ ആരോപണം.

ഇതിനിടെ, കോൺഗ്രസിൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് ടെക്‌സാസിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി അൽ ഗ്രീൻ-നെ  സഭയിൽ നിന്ന് പുറത്താക്കി. '  കറുത്ത വംശജർ കുരങ്ങന്മാരല്ല''  എന്ന പ്ലക്കാർഡ് ഉയർത്തിയാണ് അദ്ദേഹം പ്രതിഷേധിച്ചത്. ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നേരത്തെ പ്രത്യക്ഷപ്പെട്ട ഒരു വംശീയ വീഡിയോയോടുള്ള പ്രതികരണമായിരുന്നു ഇത്.

പ്രസംഗ ദൈർഘ്യത്തിലും ട്രംപ് പുതിയ റെക്കോർഡ് കുറിച്ചു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ 2000ൽ നടത്തിയ 1 മണിക്കൂർ 28 മിനിറ്റ് ദൈർഘ്യമുള്ള സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തെ ട്രംപ് മറികടന്നതായാണ് റിപ്പോർട്ട്.

ട്രംപിന്റെ പ്രസംഗവും അതിന് പിന്നാലെയുള്ള രാഷ്ട്രീയ പ്രതികരണങ്ങളും അമേരിക്കൻ രാഷ്ട്രീയരംഗത്ത് കൂടുതൽ ചൂടുപിടിപ്പിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.