കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പ്രഖ്യാപിച്ചു

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പ്രഖ്യാപിച്ചു


തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കായി ഇന്‍ഷ്വറന്‍സ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂണ്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. കരാര്‍ കെ എസ് ആര്‍ ടി സിയും എസ് ബി ഐയും ഒപ്പിട്ടു.

അക്കൗണ്ട്തല ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാര്‍ അടയ്‌ക്കേണ്ടതില്ല. 22,095 സ്ഥിരം ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെ എസ് ആര്‍ ടി സിയുടെ എല്ലാ അക്കൗണ്ടുകളും എസ് ബി ഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പിലാക്കുന്നത്.

വ്യക്തിഗത അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. എയര്‍ ആക്സിഡന്റില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1.60 കോടി ലഭിക്കും. അപകടത്തില്‍ സ്ഥിരമായ പൂര്‍ണ വൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ വരെ ലഭിക്കുന്ന പദ്ധതിയില്‍ സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. 25,000 രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി 6 ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ, പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ സഹായം ലഭിക്കും.

ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷ്വറന്‍സിലേക്ക് വാര്‍ഷിക പ്രീമിയം നല്‍കി ചേരാനും അവസരമുണ്ട്. 75 വയസ് വരെ ഇത് പുതുക്കാം. ജീവനക്കാര്‍ക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിയില്‍ ഒന്നര വര്‍ഷത്തില്‍ 56 പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. മുഴുവന്‍ ജീവനക്കാര്‍ക്കും ക്യാന്‍സര്‍ പരിശാധന നടത്തുന്നുണ്ട്. കടുത്ത ജോലികള്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ആരോഗ്യപ്രശ്നമുള്ള ജീവനക്കാരെ മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി നിര്‍ദേശപ്രകാരം കാറ്റഗറി മാറ്റം നല്‍കി ഓഫിസ് ഡൂട്ടിയിലേക്ക് മാറ്റി വിന്യസിക്കും.

ശമ്പളത്തിനായി 100 കോടി ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നത് വന്‍ ബാധ്യതയെന്ന മുന്‍ ഗതാഗത മന്ത്രിയുടെ പരാമര്‍ശത്തിനും മന്ത്രി മറുപടി നല്‍കി. താന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ലെന്നും ഒന്നാം തിയ്യതി ശമ്പളം നല്‍കണമെന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ശമ്പളം കൊടുക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാരാണ്. തനിക്ക് ക്രെഡിറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.