മൊറാദാബാദിലുണ്ട് 22 പാകിസ്താനി വനിതകള്‍: അവരുടെ 95 ഇന്ത്യന്‍ കുട്ടികള്‍; 500 പേര്‍ കവിഞ്ഞ കുടുംബങ്ങള്‍

മൊറാദാബാദിലുണ്ട് 22 പാകിസ്താനി വനിതകള്‍: അവരുടെ 95 ഇന്ത്യന്‍ കുട്ടികള്‍; 500 പേര്‍ കവിഞ്ഞ കുടുംബങ്ങള്‍


മൊറാദാബാദ്: പഹല്‍ഗാം അക്രമത്തിന് ശേഷം പാകിസ്താനികളോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും 22 പാകിസ്താനി വനിതകള്‍ ഇപ്പോഴും മൊറാദാബാദിലുണ്ട്. ഇന്ത്യ്ക്കാരെ വിവാഹം ചെയ്ത് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവര്‍ക്കെല്ലാവര്‍ക്കുമായി 95 കുട്ടികളാണുള്ളത്. ഇവരുടെ മക്കള്‍ക്കും മക്കളുണ്ട്. അവരെല്ലാമായി അഞ്ഞൂറിലേറെ പേരാണ് ജനസംഖ്യ. 

പാകിസ്താനി വനിതകളില്‍ 22ല്‍ 20 പേരും പതിറ്റാണ്ടുകളായി ഇന്ത്യയില്‍ തന്നെ കഴിയുന്നവരാണ്. രണ്ടു പേര്‍ മാത്രമാണ് നാലു വര്‍ഷം മുമ്പ് വിവാഹിതരായി ഇന്ത്യയിലെത്തിയത്. 

ദീര്‍ഘകാല വിസയിലാണ് ഇവരെല്ലാം ഇന്ത്യയില്‍ കഴിയുന്നത്. എല്ലാവരും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. സ്ത്രീകളില്‍ പകുതിയോളം പേരും മുത്തശ്ശിമാരാണ്. 

പാകിസ്താനി വനിതകളെല്ലാം നിലവില്‍ വിദേശ പൗരന്മാരായാണ് തുടരുന്നതെങ്കിലും ഇവര്‍ക്കെല്ലാം ഇന്ത്യന്‍ റേഷന്‍, ആധാര്‍ കാര്‍ഡുകള്‍ ഉണ്ട്. ഇവയിലൂടെ അവര്‍ക്ക് ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നുണ്ട്. 

ഇവര്‍ ആരേയും ഇതുവരെ നാടുകടത്താനുള്ള ഉത്തരവുകളൊന്നുമില്ല. എങ്കിലും സുരക്ഷാ പരിശോധനകള്‍ തുടരുന്നുണ്ട്. 

മൊറാദാബാദിലെ എല്ലാ പാകിസ്ഥാന്‍ വംശജരായ കുടുംബങ്ങളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണെന്ന് മൊറാദാബാദ് പോലീസ് സൂപ്രണ്ട് (സിറ്റി) കുമാര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു. സമഗ്രമായ ഡേറ്റ ശേഖരണം നടക്കുന്നുണ്ട്. വിസ അപേക്ഷകളുടെ നില, റേഷന്‍ കാര്‍ഡ് ഉപയോഗം, കുടുംബ വലുപ്പങ്ങള്‍, വിദേശ ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രദേശത്തെ എല്ലാ പാകിസ്ഥാന്‍ വംശജരായ കുടുംബങ്ങളുടെയും വിവരങ്ങള്‍ സമാഹരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വംശജരായ 95 കുട്ടികളുടെയും തൊഴില്‍ കണ്ടെത്തുകയും പാകിസ്ഥാനിലെ ബന്ധുക്കളുമായി എന്തെങ്കിലും സജീവ ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.