തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകണം എന്ന ചർച്ചക്കിടെ, കോൺഗ്രസ് എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവന്നു. ഭൂരിപക്ഷം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ 63 എംഎൽഎമാരിൽ 47 പേരാണ് കെ.സി. വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായി ഐ.സി. ബാലകൃഷ്ണൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ അല്ലെങ്കിൽ രമേശ് ചെന്നിത്തല എന്ന പേരുകളാണ് നിർദേശിച്ചത്. ഇത് ചെന്നിത്തല വിഭാഗത്തിന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ ലഭിച്ചപ്പോൾ, നിലവിലെ പ്രതിപക്ഷ നേതാവായ വി.ഡി സതീശനെ ആറു പേർ പിന്തുണച്ചു. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ എന്നിവരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചവരിലുണ്ട്.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ നേരിൽ കണ്ടു തങ്ങളുടെ നിലപാട് വിശദീകരിച്ചെങ്കിലും, കെ.സി. വേണുഗോപാൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല. എംഎൽഎമാർക്ക് പുറമെ കോൺഗ്രസ് എംപിമാരുമായും മുതിർന്ന നേതാക്കളുമായും നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു.
മൂന്ന് മുൻ കെപിസിസി പ്രസിഡന്റുമാർ വി.ഡി. സതീശനെ പിന്തുണച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിരവധി മുതിർന്ന നേതാക്കൾ കെ.സി. വേണുഗോപാലിനൊപ്പമാണെന്നും സൂചനയുണ്ട്. നിരീക്ഷകർ തയ്യാറാക്കുന്ന റിപ്പോർട്ട് പാർട്ടി അധ്യക്ഷനായ മല്ലികാർജ്ജുൻ ഖാഡ്‌ഗെയ്ക്ക് സമർപ്പിക്കും. ആവശ്യമെങ്കിൽ സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളെ ഹൈക്കമാൻഡ് ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിക്കാനിടയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ച അവസാനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണു സൂചന.
മുഖ്യമന്ത്രി ആര്: പിന്തുണക്കത്ത് ചോര്‍ന്നു; കെ.പി.സി.സി പ്രസിഡന്റ് അടക്കം ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ കെ.സിക്ക്
