ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ബെയ്ജിംഗിലെത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി നടക്കുന്ന ദ്വിദിന ഉച്ചകോടിക്കായാണ് ട്രംപിന്റെ സന്ദർശനം. ഇറാനുമായി ബന്ധപ്പെട്ട പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുമെന്ന ആശങ്കകൾ ഉയരുന്നതിനിടെയാണ് ഇരുരാജ്യ നേതാക്കളുടെയും നിർണായക കൂടിക്കാഴ്ച.
ഏകദേശം ഒരു ദശാബ്ദത്തിനുശേഷം ചൈന സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടന്ന അവസാന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ചില സാമ്പത്തിക ധാരണകളിൽ എത്തിയിരുന്നു. ഇത്തവണത്തെ ചർച്ചകൾ കൂടുതൽ വിപുലമായ സാമ്പത്തിക, സൈനിക, നയതന്ത്ര വിഷയങ്ങളിലേക്ക് നീളുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്ക-ചൈന വ്യാപാരബന്ധങ്ങളാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. നിരന്തരം ഉയരുന്ന തീരുവ തർക്കങ്ങൾ ഒഴിവാക്കാൻ കൂടുതൽ ക്രമബദ്ധമായ വ്യാപാര ചട്ടക്കൂട് രൂപപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമം. സാങ്കേതികവിദ്യയും പ്രതിരോധ വ്യവസായവും ആശ്രയിക്കുന്ന അപൂർവ ധാതുക്കളുടെ (Rare Earth Minerals) വിതരണവും ചർച്ചയിൽ നിർണായകമാകും. ചൈനയിൽ നിന്ന് ഈ ധാതുക്കളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാൻ അമേരിക്ക ശ്രമിക്കുമെന്നാണ് സൂചന.
അതേസമയം, അമേരിക്കയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്കെതിരായ നിയന്ത്രണങ്ങൾ ഇളവാക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവയ്ക്കുക. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വാഹന മേഖലകളിൽ ചൈനീസ് കമ്പനികൾക്ക് നേരിടുന്ന നിയന്ത്രണങ്ങൾ ചർച്ചയാകും. ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ആഥഉയുടെ അമേരിക്കൻ വിപണിയിലെ പ്രവേശനവും പ്രധാന വിഷയങ്ങളിലൊന്നായേക്കും.
തായ്‌വാൻ വിഷയത്തിലും ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത നിലപാടുകളാണ് നിലനിൽക്കുന്നത്. തായ്‌വാനിലേക്ക് അമേരിക്ക നടത്തുന്ന ആയുധവിൽപ്പനയും സൈനിക പിന്തുണയും അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെടും. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന നിലപാട് ബെയ്ജിംഗ് വീണ്ടും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.
ഹോങ്കോങ്ങിലെ മാധ്യമപ്രവർത്തകനും വ്യവസായിയുമായ ജിമ്മിലായിയുടെ തടങ്കൽ വിഷയവും ട്രംപ് ചർച്ചയിൽ ഉയർത്തിയേക്കുമെന്നാണ് സൂചന. കൂടാതെ, ആണവായുധ നിയന്ത്രണ ചർച്ചകളിൽ ചൈനയെയും ഉൾപ്പെടുത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ അമേരിക്ക-റഷ്യ കേന്ദ്രീകൃത കരാറുകൾക്ക് പകരം പുതിയ ആഗോള ശക്തിസമവാക്യങ്ങൾ പരിഗണിച്ചുള്ള ചട്ടക്കൂടാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഇതിനൊപ്പം വിദ്യാഭ്യാസം, ബിസിനസ്, സാംസ്‌കാരിക കൈമാറ്റങ്ങൾ ശക്തിപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെടും. രാഷ്ട്രീയ-സാമ്പത്തിക സംഘർഷങ്ങൾക്കപ്പുറം ഇരുരാജ്യ ബന്ധം സ്ഥിരതയാർജിക്കണമെന്നാണ് ബെയ്ജിംഗിന്റെ നിലപാട്.
പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ, ആഗോള വ്യാപാര തർക്കങ്ങൾ, തായ്‌വാൻ പ്രശ്‌നം എന്നിവയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ട്രംപ്-ഷി കൂടിക്കാഴ്ച ലോക രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണു വിലയിരുത്തൽ.
ബെയ്ജിംഗിൽ ട്രംപ്-ഷി കൂടിക്കാഴ്ച ഇന്ന്; വ്യാപാരം മുതൽ തായ്‌വാൻ വരെ നിർണായക ചർച്ചകൾ
