ഇറാൻ പൂർണ്ണമായും തളർന്നിരിക്കുകയായിരുന്നു; യുദ്ധം നിർത്താനുള്ള സെനറ്റ് വോട്ടെടുപ്പിനെതിരെ ട്രംപ്

ഇറാൻ പൂർണ്ണമായും തളർന്നിരിക്കുകയായിരുന്നു; യുദ്ധം നിർത്താനുള്ള സെനറ്റ് വോട്ടെടുപ്പിനെതിരെ ട്രംപ്


വാഷിം​ഗ്ടൺ: യുഎസ് കോൺഗ്രസിൻ്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രമേയം യുഎസ് സെനറ്റ് പാസാക്കിയതിന് പിന്നാലെ സെനറ്റിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം സെനറ്റർമാർ തൻ്റെ നയതന്ത്ര ചർച്ചകളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അമേരിക്കയുടെ ശത്രുക്കൾക്ക് സഹായവും ആശ്വാസവും നൽകാനാണ് അവർ ശ്രമിക്കുന്നതെന്നും ട്രംപ് ചൊവ്വാഴ്ച കുറ്റപ്പെടുത്തി.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് കടുത്ത അതൃപ്തി വ്യക്തമാക്കിയത്. ഇറാൻ നിലവിൽ അതീവ ദുർബലമായ അവസ്ഥയിലാണെന്നും വലിയ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായി നിൽക്കുന്ന സമയത്താണ് സെനറ്റ് ഇത്തരം ഒരു പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ വോട്ടെടുപ്പ് തെറ്റായ സമയത്തുള്ളതും അർത്ഥശൂന്യവുമായ ഒന്നാണെന്നും അദ്ദേഹം കൂട്ടേച്ചേർത്തു. 

"ഞാൻ ഇറാനെ പൂർണ്ണമായും പ്രതിരോധത്തിലാക്കി നിർത്തിയിരിക്കുകയായിരുന്നു. അവർ തകർച്ചയുടെ വക്കിലായിരുന്നു, നമുക്ക് ആവശ്യമുള്ളത് എന്തും നൽകാൻ അവർ തയ്യാറായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അവർ അമേരിക്കയെയും അതിന്റെ പ്രസിഡന്റായ എന്നെയും കടുത്ത ഭയത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്," ട്രംപിന്റെ പോസ്റ്റിൽ പറയുന്നു.