'ഗെസ് പേപ്പർ' മുതൽ സിബിഐ അന്വേഷണം വരെ: 22 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ തകർത്ത നീറ്റ് മാഫിയയുടെ അകത്തളങ്ങൾ

'ഗെസ് പേപ്പർ' മുതൽ സിബിഐ അന്വേഷണം വരെ: 22 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ തകർത്ത നീറ്റ് മാഫിയയുടെ അകത്തളങ്ങൾ


ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 വീണ്ടും രാജ്യവ്യാപക വിവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മേയ് 3ന് നടന്ന പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി (NTA) റദ്ദാക്കി. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതോടെ, പരീക്ഷാ മാഫിയയുടെ പ്രവർത്തനം രാജ്യവ്യാപക ശൃംഖലയായി വളർന്നിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

വാട്‌സ്ആപ്പിൽ തുടങ്ങിയ ചോർച്ച

ഒരു വാട്‌സ്ആപ്പ് പിഡിഎഫ് ഫയലാണ് അന്വേഷണത്തിന്റെ കേന്ദ്രം. 'ഗെസ് പേപ്പർ' എന്ന പേരിൽ പ്രചരിച്ച ഈ ഫയലിൽ 410 ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ യഥാർത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി നടത്തിയ താരതമ്യത്തിൽ 120 മുതൽ 135 വരെ ചോദ്യങ്ങൾ അതേപടി ഈ ഫയലിൽ ഉണ്ടായിരുന്നതായി രാജസ്ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) കണ്ടെത്തി. ഇതോടെയാണ് ഇത് സാധാരണ കോച്ചിംഗ് മെറ്റീരിയൽ അല്ലെന്നും സംഘടിതമായ ചോദ്യപേപ്പർ ചോർച്ചയാണെന്നും അന്വേഷണസംഘം ഉറപ്പിച്ചത്.

'പ്രൈവറ്റ് മാഫിയ' എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയ മറ്റൊരു നിർണായക തെളിവ്. പരീക്ഷയ്ക്ക് ദിവസങ്ങൾ മുമ്പ് തന്നെ പണം ഈടാക്കി വിദ്യാർഥികളെയും ഇടനിലക്കാരെയും ഈ ഗ്രൂപ്പിൽ ചേർത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 5,000 രൂപമുതൽ 25 ലക്ഷംരൂപ വരെ വാങ്ങിയാണ് ചോദ്യങ്ങൾ കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

നാസിക്കിൽ നിന്ന് സിക്കാറിലേക്ക്: മാഫിയയുടെ പാത

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ചോദ്യചോർച്ച ആരംഭിച്ചതെന്നാണ് രാജസ്ഥാൻ എസ്ഒജി കണ്ടെത്തിയത്. ശുഭം ഖൈർനാർ എന്ന യുവാവാണ് കേസിലെ പ്രധാന കണ്ണിയെന്നാണ് സംശയം. മെഡിക്കൽ അഡ്മിഷൻ കൗൺസിലിംഗ് സെന്റർ നടത്തിവന്ന ഇയാൾ ചോർന്ന ചോദ്യങ്ങൾ കൈപ്പറ്റി വിവിധ സംസ്ഥാനങ്ങളിലെ ഏജന്റുമാർക്ക് കൈമാറിയെന്നാണ് ആരോപണം. 

നാസിക്കിൽ നിന്ന് ഹരിയാന വഴി രാജസ്ഥാനിലെ സിക്കാർ കോച്ചിംഗ് ഹബ്ബിലേക്ക് ചോദ്യങ്ങൾ എത്തിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മാഫിയയുടെ ശൃംഖല വ്യാപിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

എൻടിഎയുടെ നിലപാട് മാറ്റത്തിന്റെ കാരണം?


2024ലെ നീറ്റ് ചോദ്യചോർച്ച വിവാദത്തിൽ ബിഹാർ പൊലീസ് അന്വേഷണം നടത്തിയിട്ടും പരീക്ഷ റദ്ദാക്കാൻ എൻടിഎ തയ്യാറായിരുന്നില്ല. 'ഒറ്റപ്പെട്ട സംഭവം' എന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്നത്തെ വിശദീകരണം. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമായി. രാജസ്ഥാൻ പൊലീസിന് ലഭിച്ച രഹസ്യവിവരങ്ങളും വ്യാപകമായ ഡിജിറ്റൽ തെളിവുകളും പുറത്ത് വന്നതോടെ പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഒടുവിൽ കേന്ദ്ര ഏജൻസികളുടെ നിർദേശപ്രകാരം എൻടിഎ പരീക്ഷ റദ്ദാക്കാൻ നിർബന്ധിതമാവുകയായിരുന്നു.

അതേസമയം, 'മുഴുവൻ ചോദ്യപേപ്പറും സോഷ്യൽ മീഡിയയിൽ എത്തിയിട്ടില്ല' എന്നാണ് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് വിശദീകരിച്ചത്. എന്നാൽ 'ഗെസ് പേപ്പർ' വഴി പരീക്ഷയുടെ വിശ്വാസ്യത തകർന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. 

22 ലക്ഷം വിദ്യാർഥികൾ വീണ്ടും അനിശ്ചിതത്വത്തിൽ


ഈ വർഷം ഏകദേശം 22.79 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷ റദ്ദാക്കിയതോടെ മാസങ്ങളായുള്ള തയ്യാറെടുപ്പും മാനസിക സമ്മർദവും വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം വിദ്യാർഥികൾക്ക് വന്നുപെട്ടിരിക്കുകയാണ്. രാജസ്ഥാനും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളിൽ വിദ്യാർഥി പ്രതിഷേധങ്ങളും സാമൂഹികമാധ്യമങ്ങളിലെ കടുത്ത വിമർശനങ്ങളും ശക്തമായിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ 'NTA = National Trauma Agency' എന്ന പരിഹാസം വരെ വ്യാപകമായി പ്രചരിച്ചു. പരീക്ഷാ സുരക്ഷയിൽ എൻടിഎ തുടർച്ചയായി പരാജയപ്പെടുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. 

 ഇനി എന്ത്?

ഭാരതീയ ന്യായ സംഹിതയും പൊതുപരീക്ഷാ നിയമം 2024ഉം പ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യവ്യാപക സാമ്പത്തിക ഇടപാടുകൾ, കോച്ചിംഗ് സെന്റർ ബന്ധങ്ങൾ, ഡിജിറ്റൽ തെളിവുകൾ, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 

വിദഗ്ധർ പറയുന്നത് ഒരേയൊരു കാര്യമാണ് - ചോദ്യപേപ്പർ അച്ചടിയിൽ നിന്ന് പരീക്ഷാ ഹാളിലെത്തുംവരെ മുഴുവൻ സംവിധാനവും സാങ്കേതികമായി പുനഃസംഘടിപ്പിക്കാതെ ഇത്തരം മാഫിയകളെ തടയാനാകില്ല. വർഷംതോറും ആവർത്തിക്കുന്ന നീറ്റ് വിവാദങ്ങൾ, രാജ്യത്തെ മെഡിക്കൽ പ്രവേശന സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.