മലയാള മണ്ണില്‍ അങ്ങനെ ഒരു ബംഗാളി, ബംഗാളി വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലും തുറന്നു

മലയാള മണ്ണില്‍ അങ്ങനെ ഒരു ബംഗാളി, ബംഗാളി വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലും തുറന്നു


തിരൂര്‍: കൊല്‍ക്കത്തയിലും ഡല്‍ഹിയിലും അമേരിക്കയിലും എന്തിനേറെ ചന്ദ്രനില്‍ പോലും മലയാളി ഹോട്ടല്‍ തുടങ്ങിയെന്ന് കാര്യമായും കളിയായും പറയാറുണ്ട്. എന്നാല്‍ ബംഗാളികള്‍ കേരളത്തില്‍ ബംഗാളി വിഭവങ്ങള്‍ മാത്രം വിളമ്പുന്ന ഹോട്ടല്‍ തുടങ്ങിയെന്ന് കേട്ടാലോ...സത്യമാണ്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ബംഗാളിലെ ബര്‍ദ്വാന്‍ സ്വദേശി അക്രം ഇമ്രാന്‍ കൊല്‍ക്കത്ത ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്‌സ് എന്ന പേരില്‍ ഹോട്ടല്‍ തുറന്നത്. അടക്കളയിലും കൗണ്ടറിലും സപ്ലൈയ്ക്കും എല്ലാം ബംഗാളികള്‍ തന്നെ.
ബംഗാളില്‍ നിന്ന് കേരളത്തിലെത്തി ഇവിടെ പതിനഞ്ചുവര്‍ഷത്തോളം  ചോരനീരാക്കിയ സമ്പാദ്യംകൊണ്ടാണ് അക്രം ഹോട്ടല്‍ ബിസിനസ് ആരംഭിച്ചത്. മലയാള ഭാഷാപിതാവിന്റെ മണ്ണായ തിരൂരില്‍ പക്കാ ബംഗാളി സ്‌റ്റൈല്‍ ഭക്ഷണം. ഉടമ മാത്രമല്ല തൊഴിലാളികളും ബോര്‍ഡും മെനുവുമൊക്കെ ബംഗാളിയില്‍. ഭക്ഷണം കഴിക്കാന്‍ വരുന്നവരും ബംഗാളികള്‍.

തിരൂര്‍ ബസ്സ്റ്റാന്‍ഡ്-ചെമ്പ്ര റോഡില്‍ കോട്ട് എ.എം.യു.പി. സ്‌കൂളിനു സമീപമാണ് ഇമ്രാന്‍ കൊല്‍ക്കത്ത ഹോട്ടല്‍. ബംഗാളില്‍നിന്ന് കെട്ടിടനിര്‍മാണ തൊഴിലാളിയായാണ് അക്രം തിരൂരിലെത്തിയത്. ഇടയ്ക്ക് തൊഴിലാളികളുടെ മെസ്സില്‍ ഭക്ഷണമുണ്ടാക്കി കൊടുക്കും. ഇതിനിടെയാണ് തന്റെ നാട്ടുകാര്‍ക്ക് അവരുടേതായ ഭക്ഷണമുണ്ടാക്കിക്കൊടുക്കണമെന്നും അതിനായി ബംഗാളി ഹോട്ടല്‍ തുടങ്ങണമെന്നും ആഗ്രഹംതോന്നിയത്.

മൂന്നുലക്ഷം രൂപയാണ് ഹോട്ടല്‍ തുടങ്ങാന്‍ അക്രം ചെലവിട്ടത്. ഇത്രകാലം ഇവിടെ ജോലിചെയ്തു സ്വരുക്കൂട്ടിയ ഒന്നരലക്ഷം രൂപ പോരാതെ വന്നപ്പോള്‍ ബംഗാളില്‍നിന്ന് പിതാവ് സലാം ബാക്കി തുക വായ്പയെടുത്തുനല്‍കി.

ബംഗാളി ചായ, ബംഗാളി സമൂസ, ബംഗാളി മസാല ബോണ്ട, ബംഗാളി ബിരിയാണി, ബംഗാളി ബീഫ്, ചിക്കന്‍ കറി അങ്ങനെ ഇവിടെയെല്ലാം ബംഗാളിയാണ്. ബസുമതി അരികൊണ്ടാണ് ബിരിയാണി. ചിക്കന്‍ ബിരിയാണിക്ക് 100 രൂപയും ബീഫ് ബിരിയാണിക്ക് 120 രൂപയുമാണ് വില. ബംഗാളി പൊറാട്ട ഉടന്‍ തുടങ്ങും. ദിവസവും നൂറുവരെ അതിഥിത്തൊഴിലാളികള്‍ ഇവിടെ എത്തുന്നുണ്ട്. ഭാര്യ ഹരീദയാണ് ഹോട്ടല്‍ ബിസിനസില്‍ അക്രമിനെ സഹായിക്കുന്നത്.