വിസ്മയ കേസില്‍ കിരണ്‍ കുമാറിന് ജാമ്യം

വിസ്മയ കേസില്‍ കിരണ്‍ കുമാറിന് ജാമ്യം


കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജയില്‍ വകുപ്പ് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.  പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ വകുപ്പ് കിരണ്‍ കുമാറിന് പരോള്‍ നല്‍കിയത്. 

ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നു. എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു.

കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍.

2021 ജൂണ്‍ 21നാണ് വിസ്മയ ഭര്‍തൃഗൃഹത്തില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. കിരണ്‍ കുമാറിന്റെ വീട്ടിലെ പീഡനങ്ങളെക്കുറിച്ച് സുഹൃത്തിനും ജേഷ്ഠ ഭാര്യയ്ക്കും മരിക്കുന്നതിന് മുന്‍പെ വിസ്മയ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും എല്ലാം പുറത്തു വന്നിരുന്നു. ഇതോടെ കിരണ്‍ ഒളിവില്‍ പോയ കിരണ്‍ പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.