കോഴിക്കോട്: മലയാളത്തിന്റെ മഹാഎഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് വിട. രാത്രി പത്തുമണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.
2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌ക്കാരം, ജെ സി ദാനിയേല്‍ അവാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു.
ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാ ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം മൂന്നു തവണ നേടിയിരുന്നു.
നിര്‍മാല്യം ഉള്‍പ്പെടെ ആറ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
കാലം, നാലുകെട്ട്, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ്, പാതിരാവും പകല്‍വെളിച്ചവും (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍ എസ് സലാം, ഓപ്പോള്‍, നിന്റെ ഓര്‍മയ്ക്ക് (കഥകള്‍), ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതംഗമയ, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ് വാരം, സുകൃതം, പരിണയം (തിരക്കഥകള്‍), കാഥികന്റെ കല, കാഥികന്റെ പണിപ്പുര (ലേഖന സമാഹാരം) എന്നിവയാണ് പ്രധാന കൃതികള്‍.
1933 ജൂലൈയില്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടെയും അമ്മാളുവമ്മയുടെയും ഇളയ മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായരുടെ ജനനം. പൂന്നയൂര്‍ക്കുളം, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ ബാല്യം ചെലവഴിച്ച എം ടിയുടെ വിദ്യാഭ്യാസം കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായി ജോലി ചെയ്തു. ഗ്രാമസേവകന്റെ ഉദ്യോഗം ലഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ചു. പിന്നീട് മാതൃഭൂമി ആഴ്ചപതിപ്പില്‍ ചേര്‍ന്നു.
രക്തം പുരണ്ട മണ്‍തരികള്‍' ആണ് ആദ്യ കഥാസമാഹാരം. 'പാതിരാവും പകല്‍വെളിച്ചവും' ആണ് ആദ്യ നോവല്‍. 1958ലെ 'നാലുകെട്ട്' ആണ് ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍.
1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം ടിയുടെ വളര്‍ത്തുമൃഗങ്ങള്‍ ഒന്നാം സ്ഥാനം നേടി.
എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ് എം ടിയുടെ ആദ്യ ഭാര്യ. പിന്നീട് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. മൂത്തമകള്‍ സിതാര ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ് താമസം. രണ്ടാമത്തെ മകള്‍ അശ്വതി നര്‍ത്തകിയും സിനിമാ സംവിധായികയുമാണ്.