മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ ദാരുണമായി മരിച്ചു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻകുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ഇതിൽ രണ്ട് പേർ ആശുപത്രിയിലെത്തുംമുമ്പേ മരിച്ചിരുന്നുവെന്നാണ് വിവരം.
അതേസമയം, കനത്ത മഴയെ തുടർന്ന് പുനലൂരിലും ദുരന്തമുണ്ടായി. നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷനു സമീപം മൺതിട്ട ഇടിഞ്ഞുവീണ് തൊഴിലാളിയായ ഷിജു മരിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്കരികിലെ സർവീസ് സ്റ്റേഷനിലാണ് സംഭവം.
കനത്ത മഴയും കാറ്റും ഉണ്ടായ സമയത്ത് ടോറസ് ലോറിയുടെ കാബിനിൽ ഇരിക്കുകയായിരുന്ന ഷിജുവിന് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് സ്ലാബും ഇടിഞ്ഞുവീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ സർവീസ് സ്റ്റേഷൻ പൂർണമായും തകർന്നു.
മേയ് 14 മുതൽ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനകം കൂടുതൽ ശക്തിപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മങ്കടയിൽ മിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു; ശക്തമായ മഴയിൽ പുനലൂരിൽ മണ്ണിടിച്ചിലിലും മരണം
