ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം; മതപരിവർത്തനത്തിന് സമ്മർദമുണ്ടായിരുന്നെന്ന് കുടുംബം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം; മതപരിവർത്തനത്തിന് സമ്മർദമുണ്ടായിരുന്നെന്ന് കുടുംബം


ഹരിപ്പാട്: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ മതപരിവർത്തനത്തിന് സമ്മർദം ചെലുത്തിയിരുന്നതായി കുടുംബത്തിന്റെ പരാതി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സവാരിയ ബസന്ത് (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദാറുൽ അനാം (22)-നെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ സവാരിയയുടെ മൃതദേഹം കേരളത്തിലെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി. പിതാവ് ബസന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കൊലക്കുറ്റത്തിന് കേസും രജിസ്റ്റർ ചെയ്തു.

സദാറുൽ സവാരിയയെ മതപരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നതായും അതിന് വഴങ്ങാതിരുന്നതിനെ തുടർന്ന് പലതവണ മർദിച്ചിരുന്നതായും സഹപാഠികൾ അറിയിച്ചെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിന് മുമ്പും ഇക്കാര്യം സുഹൃത്തുക്കൾ കണ്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.

വാക്കുതർക്കത്തിനിടെ സദാറുൽ സവാരിയയെ ക്രൂരമായി മർദിക്കുകയും തലയ്ക്ക് അടിയേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ശരീരമാകെ ഗുരുതരമായ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ഒറ്റ പ്രഹരത്തിലുണ്ടായ മരണമല്ല ഇതെന്നും സവാരിയയുടെ അമ്മാവൻ ജിനീഷ് പറഞ്ഞു.

അന്വേഷണത്തിനിടെ ചില വിദ്യാർഥികൾ മതപരിവർത്തനത്തിന് സമ്മർദം ചെലുത്തിയിരുന്ന കാര്യം മൊഴിനൽകിയതായി ഉസ്‌ബെക്കിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചെന്നും കുടുംബം അവകാശപ്പെട്ടു.

ഉസ്‌ബെക്കിസ്ഥാനിൽ നടന്ന കുറ്റകൃത്യത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു. കേരളത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശാരീരിക മർദനത്തിന്റെ പ്രാഥമിക സൂചനകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിയെ ഇന്ത്യയിലേക്ക് കൈമാറി കേരളത്തിൽ അന്വേഷണം നടത്തണമെന്നാണ് സവാരിയയുടെ കുടുംബത്തിന്റെ ആവശ്യം.