സ്‌പെയിനിൽ കാട്ടുതീ ദുരന്തം: 12 പേർ മരിച്ചു, 23 പേരെ കാണാതായി; മരിച്ചവരിൽ വിദേശികളും; മരണസംഖ്യ ഉയരാൻ സാധ്യത

സ്‌പെയിനിൽ കാട്ടുതീ ദുരന്തം: 12 പേർ മരിച്ചു, 23 പേരെ കാണാതായി; മരിച്ചവരിൽ വിദേശികളും; മരണസംഖ്യ ഉയരാൻ സാധ്യത


മാഡ്രിഡ്: സ്‌പെയിനിന്റെ തെക്കൻ മേഖലയായ അൻഡലൂസിയയിൽ ഉണ്ടായ കാട്ടുതീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 12 പേർ മരിച്ചു. 23 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. രാജ്യത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ കാട്ടുതീകളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

അൽമെറിയ പ്രവിശ്യയിലെ ലോസ് ഗല്ലാർദോസ് മേഖലയിലാണ് തീപിടിത്തമുണ്ടായത്. കാട്ടുതീ പൂർണമായി നിയന്ത്രണവിധേയമാക്കാൻ അഗ്‌നിരക്ഷാസേന ശ്രമം തുടരുകയാണ്.

മരിച്ചവരിൽ ഭൂരിഭാഗവും വിദേശ പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. ഒരു വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലുപേർ ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് സംശയം. വാഹനത്തിന്റെ സ്റ്റിയറിങ് വലതുവശത്തായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. മറ്റൊരു സംഘത്തിലെ ഏഴുപേർ വാഹനങ്ങൾ ഉപേക്ഷിച്ച് അധികൃതർ നിർദേശിച്ച ഒഴിപ്പിക്കൽ പാതയ്ക്ക് പുറത്തുകൂടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഒഴിപ്പിക്കൽ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് അൻഡലൂസിയയിലെ അടിയന്തര സേവന മന്ത്രി അന്റോണിയോ സാൻസ് പറഞ്ഞു. പ്രദേശത്തെ കാണാതായ ചിലർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ അഭയം തേടിയിരിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനശോചിക്കുകയും സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് പൗരന്മാർ മരിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് സ്‌പെയിൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഈ വർഷം മാത്രം സ്‌പെയിനിൽ ഏകദേശം 57,000 ഹെക്ടർ വനപ്രദേശം കത്തിനശിച്ചതായി യൂറോപ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ സിസ്റ്റം അറിയിച്ചു. വേനൽക്കാലത്തെ കടുത്ത ചൂടും വരൾച്ചയും കാട്ടുതീയുടെ വ്യാപനത്തിന് പ്രധാന കാരണമായതായി വിലയിരുത്തപ്പെടുന്നു. യൂറോപ്പിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് സ്‌പെയിനെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.