ഇറാൻ വീണ്ടും ചർച്ചയ്ക്ക് തയ്യാറായെന്ന് ട്രംപ് ; ഖത്തർ-ഈജിപ്ത് മധ്യസ്ഥ ശ്രമം ശക്തം

ഇറാൻ വീണ്ടും ചർച്ചയ്ക്ക് തയ്യാറായെന്ന് ട്രംപ് ; ഖത്തർ-ഈജിപ്ത് മധ്യസ്ഥ ശ്രമം ശക്തം


വാഷിങ്ടൺ/ടെഹ്രാൻ: അമേരിക്കയുമായി വീണ്ടും ചർച്ച നടത്താൻ ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് വാഷിങ്ടൺ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം, നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചെന്ന നിലപാട് മാറ്റമില്ലാതെ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.

'ഇറാൻ ചർച്ച തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ അവസാനിച്ചുവെന്ന കാര്യം അമേരിക്ക വ്യക്തമായി അറിയിച്ചിട്ടുണ്ട്,' ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റഫോമിൽ കുറിച്ചു.

അടുത്ത ആഴ്ച സ്വിറ്റ്‌സർലൻഡിൽ യുഎസും ഇറാനും തമ്മിൽ പുതിയ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ, സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഖത്തർ പ്രതിനിധിസംഘം ടെഹ്രാനിൽ എത്തിയതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പുതിയ സംഘർഷത്തിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങൾ വീണ്ടും സജീവമായത്. തുടർന്ന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കുവൈത്തിലും ബഹ്രൈനിലും ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡും അവകാശപ്പെട്ടു.

ഇതിനിടെ, അമേരിക്കയും ഇറാനും സംഘർഷം അവസാനിപ്പിച്ച് ചർച്ചാമേശയിലേക്ക് മടങ്ങണമെന്ന് ഖത്തറും ഈജിപ്തും സംയുക്തമായി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പ്രശ്‌നപരിഹാരത്തിന് നയതന്ത്രത്തിനും സംവാദത്തിനും മുൻഗണന നൽകണമെന്ന് ആഹ്വാനം ചെയ്തു.

മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടയിലും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ വർധിക്കുന്നതായാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.