മോര്‍ തെയോഫിലോസ് മേഖലാ മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു

മോര്‍ തെയോഫിലോസ് മേഖലാ മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു


തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ പുതുതായി രൂപീകരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തായായി ഭക്തി നിര്‍ഭരമായ ചടങ്ങില്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് സ്ഥാനമേറ്റു. മുളന്തുരുത്തി എം എസ് ഒ ടി വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസനാധിപനുമാണ് അദ്ദേഹം. പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ നടന്ന സുന്ത്രോണീസോ (സ്ഥാനാരോഹണ) ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായും മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും നേതൃത്വം നല്‍കി. പ്രാര്‍ഥനയ്ക്കും വേദവായനയ്ക്കും ശേഷം സ്ഥാനം ഏല്‍ക്കുന്ന മെത്രാപ്പോലീത്തയെ സിംഹാസനത്തില്‍ ഇരുത്തി സ്ഥാനത്തിനു യോഗ്യന്‍ എന്ന് അര്‍ഥമുള്ള 'ഓക്‌സിയോസ്' എന്ന് മൂന്ന് പ്രാവശ്യം പ്രധാന കാര്‍മ്മികന്‍ ചൊല്ലുകയും ജനം ഏറ്റു പറയുകയും ചെയ്തു. മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക്ക് മാര്‍ ഒസ്താത്തിയോസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ്, മൂവാറ്റുപുഴ മേഖലാ അധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ ആയിരുന്നു സഹകാര്‍മ്മികര്‍. 

സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു ശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍ കത്തിഡ്രലില്‍ എത്തി ആശംസകള്‍ അറിയിച്ചു. 

വര്‍ഷങ്ങളായി തുടരുന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കണം എന്നത് തന്റെ സ്വപ്‌നം ആണെന്നും അതിനുള്ള എല്ലാ ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും വി ഡി സതീശന്‍ അറിയിച്ചു. ആര്‍ക്കും അഭിമാന ക്ഷതം ഉണ്ടാകാത്ത വിധത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ആണ് ആഗ്രഹം. അതിനു സര്‍ക്കാറിനെ സഹായിക്കണമെന്ന് കര്‍ദിനാള്‍ ക്ലീമീസ് ബാവയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെത്രാപ്പോലീത്ത പദവി സമര്‍പ്പണത്തിന്റെ  ആണെന്നും ക്രിസ്തുവിന്റെ ഇഷ്ടം ചെയ്യുകയാണ് അദ്ദേഹത്തിന്റെ ദൗത്യം എന്നും ശ്രേഷ്ഠ കാതോ ലിക്ക ബാവ ചൂണ്ടിക്കാട്ടി. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ മെത്രാപ്പൊലീത്ത പ്രസംഗിക്കുക മാത്രമല്ല കേള്‍ക്കാന്‍ കൂടി തയ്യാറാകണം. യുവജനങ്ങളെ ചേര്‍ത്തു നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഭകള്‍ മാത്രമല്ല, എല്ലാ ദൈവ വിശ്വാസികളും ഒരുമിച്ചു നീങ്ങേണ്ട കാലം ആണിത് എന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. നമ്മള്‍ പ്രത്യാശയുള്ളവര്‍ ആയിരിക്കണം എന്നാണ് മുഖ്യമന്ത്രി ഇവിടെ പറഞ്ഞത്. ഒരു സഭാ അധ്യക്ഷന്‍ പറയേണ്ട വാക്കുകള്‍ ആണിതെന്നും ക്ലീമീസ് ബാവ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് നടന്ന സ്വീകരണത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ സി പി ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, സണ്ണി ജോസഫ്, കെ മുരളീധരന്‍, എം ലിജു, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, ടി സിദ്ദിക്ക്, പി കെ ബഷീര്‍, എ പി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബെന്നി ബെഹനാന്‍ എം പി, എം എല്‍ എമാര്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ബിഷപ്പുമാരായ ഡോ. യൂഹാനോന്‍ മാര്‍ അലക്‌സിയോസ്, ഡോ. ആന്റണി മാര്‍ സില്‍വാനിയോസ്, മാത്യൂസ് മാര്‍ സില്‍വാനോസ്, ജെ സുന്ദര്‍ സിങ്, ഡോ. സെല്‍വദാസ് പ്രമോദ്, ഡോ. ജോര്‍ജ് ഈപ്പന്‍, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ പ്രകാശ് ചന്ദ്ര പ്രധാന്‍, ചീഫ് സെക്രട്ടറി കേണല്‍ ജേക്കബ് ജോസഫ്, സെറംപൂര്‍ സെനറ്റ് പ്രസിഡന്റ് റവ. ഡോ. സി ഐ ഡേവിഡ് ജോയ്, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പ്രതിനിധി സഭാധ്യക്ഷന്‍ റവ. ഡോ. ജോണ്‍ മാത്യു, എന്‍ എസ് എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍, എ ഡി ജി പി പി വിജയന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍, മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്, സഭ വൈദിക ട്രസ്റ്റി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, വിവിധ സഭാ വൈദികര്‍, എക്യുമെനിക്കല്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.