ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന് ബലൂച് ദേശീയവാദ നേതാക്കള്‍ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന അതിക്രമങ്ങള്‍, നിര്‍ബന്ധിത തിരോധാനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.
സ്വതന്ത്ര ബലൂചിസ്ഥാന്റെ ദേശീയപതാകയുടെയും ഭൂപടത്തിന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍' എന്ന ഹാഷ്ടാഗും വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധേയമായി.
പ്രമുഖ ബലൂച് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ മിര്‍ യാര്‍ ബലൂച്, പാകിസ്ഥാന്‍ അധീന ബലൂചിസ്ഥാനിലുടനീളം ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതായി അവകാശപ്പെട്ടു. 'ബലൂചിസ്ഥാന്‍ പാകിസ്ഥാന്റെ ഭാഗമല്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു.
ബലൂചിസ്ഥാനെ 'ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍' എന്ന പേരില്‍ പരമാധികാര രാഷ്ട്രമായി അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും മിര്‍ യാര്‍ ബലൂച് അഭ്യര്‍ഥിച്ചു.
ബലൂച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് 1947 വരെ നീളുന്ന ചരിത്രമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടതിന് പിന്നാലെ കലാത്ത് എന്ന നാട്ടുരാജ്യം ഹ്രസ്വകാലത്തേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും 1948-ല്‍ പാകിസ്ഥാന്‍ ബലപ്രയോഗത്തിലൂടെ ഈ പ്രദേശം കൂട്ടിച്ചേര്‍ത്തുവെന്നാണ് ബലൂച് ദേശീയവാദികളുടെ വാദം.
പ്രദേശത്തെ പ്രകൃതി വാതകവും ധാതുസമ്പത്തും ഉള്‍പ്പെടെയുള്ള സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍ ഇസ്ലാമാബാദ് ചൂഷണം ചെയ്യുകയാണെന്നും പ്രാദേശിക ജനവിഭാഗം വികസനത്തില്‍ നിന്ന് പിന്നാക്കം നില്‍ക്കുകയാണെന്നും ബലൂച് നേതാക്കള്‍ ആരോപിക്കുന്നു. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായിട്ടും പാകിസ്ഥാനിലെ ഏറ്റവും ദരിദ്രവും ഏറ്റവും കുറഞ്ഞ വികസനം കൈവരിച്ച പ്രവിശ്യയായി ബലൂചിസ്ഥാന്‍ ഇന്നും തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
