ഡൽഹി പ്രതിഷേധത്തിന് സിപിഐയുടെ പ്രത്യേക ട്രെയിൻ; റെയിൽവേയ്ക്ക് 9 ലക്ഷം രൂപ അഡ്വാൻസ് നൽകി

ഡൽഹി പ്രതിഷേധത്തിന് സിപിഐയുടെ പ്രത്യേക ട്രെയിൻ; റെയിൽവേയ്ക്ക് 9 ലക്ഷം രൂപ അഡ്വാൻസ് നൽകി


തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധത്തിൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകരെ എത്തിക്കാൻ സിപിഐ സംസ്ഥാന നേതൃത്വം പ്രത്യേക ചാർട്ടർ ട്രെയിൻ വാടകയ്‌ക്കെടുത്തു. ഇതിനായുള്ള പ്രാഥമിക തുകയായി ഒൻപത് ലക്ഷം രൂപ റെയിൽവേയ്ക്ക് അഡ്വാൻസായി നൽകിയതായി പാർട്ടി നേതൃത്വം അറിയിച്ചു.

ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മുഴുവൻ ട്രെയിനും ബുക്ക് ചെയ്യാൻ തീരുമാനിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും കർഷകതൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പ്രത്യേക ട്രെയിനിൽ ഡൽഹിയിലേക്ക് യാത്രതിരിക്കും.

ഓഗസ്റ്റ് 29ന് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 31ന് ഡൽഹിയിലെത്തും. സെപ്തംബര്‍
 1ന്  നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ശേഷം സെ്ര്രപംബർ 2ന് മടങ്ങുന്ന ട്രെയിൻസെപ്തംബര്‍ 4ന് തിരുവനന്തപുരത്ത് എത്തും.

യാത്രക്കാരുടെ എണ്ണവും കോച്ചുകളുടെ എണ്ണവും അനുസരിച്ച് ട്രെയിനിന്റെ അന്തിമ വാടക പിന്നീട് റെയിൽവേ നിശ്ചയിക്കും. നിലവിൽ ആദ്യ ഗഡുവായാണ് ഒൻപത് ലക്ഷം രൂപ അടച്ചിരിക്കുന്നത്.

മുൻകാലങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ദേശീയ പ്രതിഷേധ പരിപാടികൾക്കായി പ്രത്യേക ട്രെയിനുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐയുടെ ഈ നീക്കം ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.