വാഷിങ്ടൺ: ഭൂമിയുടെ അതിരുകൾ ഭേദിച്ച് വാനോളം അഭിമാനമുയർത്തി അമേരിക്കൻ മലയാളിയായ ഡോ. അനിൽ മേനോൻ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കാലുകുത്തുന്ന ആദ്യ മലയാളിയെന്ന സുവർണ നേട്ടം യുഎസ് സ്പേസ് ഫോഴ്സ് കേണലും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ ഡോ. അനിൽ മേനോൻ സ്വന്തമാക്കി. റഷ്യൻ പേടകമായ സോയൂസ് എംഎസ്-29ൽ എട്ട് മാസം നീളുന്ന ദൗത്യത്തിനായാണ് അദ്ദേഹം ബഹിരാകാശത്ത് എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17ന് കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് അനിലും റഷ്യൻ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും യാത്ര തിരിച്ചത്. ബഹിരാകാശ നിലയം കോസ്മോഡ്രോമിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് വിക്ഷേപണം നടന്നത്. എട്ട് മിനിറ്റ് നീണ്ട കുതിപ്പിനൊടുവിൽ പ്രാഥമിക ഭ്രമണപഥത്തിലെത്തിയ പേടകം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ച് ബുധനാഴ്ച രാത്രി 11.52ഓടെ ബഹിരാകാശ നിലയത്തിലെ പ്രിചൽ മൊഡ്യൂളുമായി ഓട്ടോമാറ്റിക് സംവിധാനത്തിൽ ബന്ധിപ്പിച്ചു.
തുടർന്ന് പേടകത്തിലും നിലയത്തിലുമായി നടത്തിയ പരിശോധനകൾക്ക് ശേഷം പുലർച്ചെ 1.25നും രണ്ടു മണിക്കും ഇടയിലുള്ള സമയത്താണ് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. ഊഷ്മളമായ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. പേടകത്തിൻ്റെ വാതിൽ തുറക്കുന്ന സമയത്ത് ട്രാക്കിങ്, ഡാറ്റ റിലേ സാറ്റലൈറ്റുകളുടെ പരിധിക്ക് പുറത്തായതിനാൽ സിഗ്നൽ നഷ്ടപ്പെട്ട് തത്സമയ സംപ്രേഷണം തടസ്സപ്പെട്ടെങ്കിലും 12 മിനിറ്റിന് ശേഷം പുനഃസ്ഥാപിച്ചു. അനിൽ മേനോൻ്റെ ആദ്യ ബഹിരാകാശ യാത്രയാണിത്.
വിക്ഷേപണത്തിൻ്റെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ പേടകം 11.26ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഡോക്കിങ് പൂർത്തിയായ ഉടൻ തന്നെ അതിവേഗ യാത്ര ഗംഭീരമായിരുന്നുവെന്ന അനിലിൻ്റെ ആദ്യ സന്ദേശവും ഭൂമിയിലെത്തി. തുടർന്ന് രണ്ടു മണിയോടെ നിലയത്തിലേക്ക് പ്രവേശിച്ച മൂന്നംഗ സംഘത്തിന് അവിടെയുണ്ടായിരുന്ന മറ്റ് യാത്രികർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. എക്സ്പെഡിഷൻ 74ൻ്റെ ഭാഗമായാണ് ഇവർ ബഹിരാകാശത്ത് എത്തിയിരിക്കുന്നത്.
എട്ടു മാസത്തോളം (220 ദിവസം) രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തങ്ങുന്ന സംഘം വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും പങ്കാളികളാകും. മൈക്രോഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, നിലയത്തിലെ ശുദ്ധജലത്തിൽ നിന്ന് ഐവി ഫ്ലൂയിഡ് ഉത്പാദിപ്പിക്കൽ, നിർമിത ബുദ്ധിയെ മെഡിക്കൽ രംഗവുമായി കോർത്തിണക്കിയുള്ള പരീക്ഷണങ്ങൾ തുടങ്ങിയവയിലെല്ലാം അനിൽ മേനോൻ ഭാഗമാകും. ദൗത്യം പൂർത്തിയാക്കി അടുത്ത വർഷം ഏപ്രിലിലായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങുക.
