വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്; ജോയിന്റ് സെക്രട്ടറിക്ക് ചുമതല


കൊച്ചി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനവും ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ബോർഡ് പുതിയ നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ബോർഡിന്റെ ദൈനംദിന ഭരണച്ചുമതല സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലികമായി ഏൽപ്പിക്കാനും കോടതി നിർദേശിച്ചു.

മുൻ സർക്കാർ ചട്ടവിരുദ്ധമായി വഖഫ് ബോർഡ് രൂപീകരിച്ചെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് നൽകിയ ഹർജിയിലും കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് സമർപ്പിച്ച ഹർജിയും കോടതി പരിഗണിച്ചു.

2026ൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ സർക്കാർ നിയമിച്ച ഒമ്പത് അംഗങ്ങളും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നും, ഇത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ഹർജികളിലെ വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.