വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബില്‍ നിയമമായാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
എ എന്‍ ഐയുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചത്.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍തലും ചേര്‍ന്നാണ് 'സാങ്ക്ഷനിംഗ് റഷ്യ ആക്ട്' എന്ന പേരില്‍ ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ റഷ്യയില്‍ നിന്ന് എണ്ണ, പ്രകൃതിവാതകം, മറ്റ് ഊര്‍ജ ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കന്‍ പ്രസിഡന്റിന് 500 ശതമാനം വരെ തീരുവ ചുമത്താന്‍ അധികാരം ലഭിക്കും.
ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം ഇന്ത്യയും ചൈനയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ എണ്ണ- വാതക കയറ്റുമതിയുടെ ഏകദേശം 70 ശതമാനവും ഇന്ത്യയും ചൈനയും ചേര്‍ന്നാണ് വാങ്ങുന്നതെന്നും ഈ രാജ്യങ്ങളുടെ വാങ്ങല്‍ കുറയുന്നത് മോസ്‌കോയ്ക്ക് കൂടുതല്‍ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുമെന്നും ലിന്‍ഡ്‌സെ ഗ്രഹാം നേരത്തെ പറഞ്ഞിരുന്നു. ഇത് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ബില്‍ നിയമമായാല്‍ റഷ്യയുടെ ഊര്‍ജ മേഖലയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ദ്വിതീയ തീരുവകള്‍ ചുമത്തുന്നതിനുള്ള വിപുലമായ അധികാരം അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കും.
2026 ജൂണ്‍ 17-ന് അമേരിക്കന്‍ ട്രഷറി വകുപ്പ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന താത്ക്കാലിക ഇളവിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം. പ്രസ്തുത ഇളവിന്റെ അടിസ്ഥാനത്തിലാണ് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇളവ് അവസാനിച്ചതോടെ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ നിയമപരമായ സ്ഥിതി കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
