ബ്രസല്‍സിലെ നിര്‍മാണ സ്ഥലത്ത് തീപിടിത്തം; നിരവധി പേര്‍ മരിച്ചു, ആറു പേരെ കാണാതായി

ബ്രസല്‍സിലെ നിര്‍മാണ സ്ഥലത്ത് തീപിടിത്തം; നിരവധി പേര്‍ മരിച്ചു, ആറു പേരെ കാണാതായി


ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ ഒരു നിര്‍മാണ സ്ഥലത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആറു പേരെ കാണാതായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക തെരച്ചില്‍ തുടരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നഗരമധ്യത്തിലെ പ്ലേസ് ഡി ബ്രൂക്കര്‍ മേഖലയിലെ വലിയ നവീകരണ പദ്ധതിയുടെ നിര്‍മാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്.

നിര്‍മാണ സ്ഥലത്തെ രണ്ട് ലിഫ്റ്റുകളിലൊന്നിനുള്ളില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക തൊഴില്‍ പരിശോധനാ വിഭാഗത്തിന്റെ വക്താവ് അറിയിച്ചു. എന്നാല്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

തീപിടിത്തമുണ്ടായ സമയത്ത് നിര്‍മാണ സ്ഥലത്ത് 200-ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക അഗ്നിശമനസേന അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.