വാഷിംഗ്ടണ്‍: ലൈംഗികാതിക്രമവും അപകീര്‍ത്തിപ്പെടുത്തലും നടത്തിയെന്ന കേസില്‍ എഴുത്തുകാരി ഇ ജീന്‍ കാരോളിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 56 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കിയതായി കോടതി രേഖകള്‍ വ്യക്തമാക്കി.
5 മില്യണ്‍ ഡോളറിന്റെ യഥാര്‍ഥ നഷ്ടപരിഹാര തുകയും അതിന്മേല്‍ ലഭിച്ച പലിശയും ഉള്‍പ്പെടുന്നതാണ് ഈ തുക. കോടതി മേല്‍നോട്ടത്തിലുള്ള അക്കൗണ്ടില്‍ നിന്ന് തുക കൈമാറാന്‍ യു എസ് ജില്ലാ ജഡ്ജി ലൂയിസ് കാപ്ലന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കാരോളിന്റെ അഭിഭാഷക സ്ഥാപനത്തിന് പണം കൈമാറിയത്.
ജൂറി അനുവദിച്ച നഷ്ടപരിഹാരം പൂര്‍ണമായി ലഭിച്ചതായി കാരോളിന്റെ അഭിഭാഷക റോബര്‍ട്ട കാപ്ലന്‍ സ്ഥിരീകരിച്ചു.
2023 മെയ് മാസത്തില്‍ പുറപ്പെടുവിച്ച വിധിക്കെതിരെ ട്രംപ് നല്‍കിയ അപ്പീല്‍ യു എസ് സുപ്രിം കോടതി കഴിഞ്ഞ ജൂണില്‍ പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് ജൂറിയുടെ വിധി നിലനിന്നത്.
82 വയസ്സുള്ള മുന്‍ മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ ഇ ജീന്‍ കാരോള്‍ 1996-ല്‍ ന്യൂയോര്‍ക്കിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി ആക്രമിച്ചുവെന്നാണ് ആരോപിച്ചത്.
അതേസമയം, ട്രംപ് ആരോപണങ്ങള്‍ തുടര്‍ച്ചയായി നിഷേധിച്ചിട്ടുണ്ട്. കാരോളിനെ താന്‍ അറിയില്ലെന്നും തന്റെ ഓര്‍മ്മക്കുറിപ്പ് വിറ്റഴിക്കാനാണ് അവര്‍ വ്യാജ ആരോപണം ഉന്നയിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. കേസ് രാഷ്ട്രീയപ്രേരിതമായ 'വിച്ച് ഹണ്ട്' ആണെന്നും നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ കാരോള്‍ ഈ തുക ദാനം ചെയ്യുമെന്ന് അറിയിച്ച സാഹചര്യത്തില്‍ പണം കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ കഴിഞ്ഞ ആഴ്ച ഫെഡറല്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നു. പണം കൈമാറിയാല്‍ പിന്നീട് അത് തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും ട്രംപിന് 'പരിഹരിക്കാനാകാത്ത നഷ്ടം' സംഭവിക്കുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ കോടതി ആ ആവശ്യം അംഗീകരിച്ചില്ല.
