വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം ട്രാന്‍സിറ്റ് ഫീസ് ഏര്‍പ്പെടുത്തുമെന്ന മുന്‍ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. പകരം ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുമായി വന്‍ വ്യാപാര- നിക്ഷേപ കരാറുകള്‍ക്ക് തയ്യാറായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, ഇറാനെതിരെ സമ്പൂര്‍ണ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോര്‍മുസ് കടലിടുക്ക് ഇറാനെ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും കപ്പല്‍ ഗതാഗതത്തിന് തുറന്നിരിക്കുമെന്നും എന്നാല്‍ ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെ നിന്ന് വരുന്നതോ അല്ലെങ്കില്‍ ഇറാനിയന്‍ ചരക്കുകള്‍ വഹിക്കുന്നതോ ആയ എല്ലാ കപ്പലുകള്‍ക്കും പൂര്‍ണ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് തിരിച്ചുപിടിക്കുന്നതിന് ട്രാന്‍സിറ്റ് ഫീസ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്ക ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ 'സംരക്ഷകന്‍' ആണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇറാന്റെ സൈനിക നേതൃത്വം തിരിച്ചടിച്ചു. വാഷിംഗ്ടണുമായി സഹകരിക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യം മൂലം ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം റെക്കോര്‍ഡ് തോതില്‍ പുരോഗമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, യു എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
ട്രാന്‍സിറ്റ് ഫീസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് പശ്ചിമേഷ്യന്‍ നേതാക്കളുമായുള്ള 'വളരെ ഫലപ്രദമായ ചര്‍ച്ചകള്‍'ക്ക് ശേഷമാണെന്ന് ട്രംപ് പറഞ്ഞു. ഫീസിന് പകരമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് ലഭിക്കുന്ന വന്‍ നിക്ഷേപങ്ങള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമാകുമെന്നും പുതിയ ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും ആരംഭിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ഉയര്‍ന്ന വേതനമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാരടക്കം ലക്ഷക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച ട്രംപ് ആ കാലഘട്ടം അവസാനിച്ചുവെന്നും ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.
