വാർസോ: 2022 അവസാനം യുക്രൈനിനെതിരെ റഷ്യ തന്ത്രപ്രധാന ആണവായുധം ഉപയോഗിക്കാൻ ഒരുങ്ങിയിരുന്നുവെന്നും, അതിൽ നിന്ന് പ്രസിഡന്റ് വ്‌ലാദിമിർ പുടിനെ പിന്തിരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർണായക പങ്കുവഹിച്ചുവെന്നും പോളണ്ട് ഉപവിദേശകാര്യ മന്ത്രി വ്‌ലാഡിസ്ലാവ് തിയോഫിൽ ബാർട്ടോസെവ്‌സ്‌കി അവകാശപ്പെട്ടു.
വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകനേതാക്കളിൽ പുടിന് സ്വാധീനം ചെലുത്താൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നരേന്ദ്ര മോഡിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'2022 അവസാനം യുക്രൈനിൽ തന്ത്രപ്രധാന ആണവായുധം ഉപയോഗിക്കുന്നതിൽ നിന്ന് പുടിനെ പിന്തിരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോഡി പ്രധാന പങ്കുവഹിച്ചു. മോഡിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്ന നേതാവാണ് പുടിൻ. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിലും ഇന്ത്യയ്ക്ക് നിർണായക സ്വാധീനം ചെലുത്താൻ കഴിയും,' എന്നും ബാർട്ടോസെവ്‌സ്‌കി പറഞ്ഞു.
യുദ്ധം കൂടുതൽ രൂക്ഷമാകരുതെന്നാണ് ഇന്ത്യയുടെയും ചൈനയുടെയും നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയോട് ശത്രുതാപരമായ സമീപനമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള നിർദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും ഇന്ത്യയുടെ ഇടപെടൽ അതുകൊണ്ടുതന്നെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അടുത്തിടെ നടന്ന സെന്റ് പീറ്റേഴ്‌സ്ബർഗ് സാമ്പത്തിക ഫോറത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഇന്ത്യയെ 'മഹത്തായ രാജ്യം' എന്ന് വിശേഷിപ്പിച്ചിരുന്നു. റഷ്യയുമായുള്ള സഹകരണത്തിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ സമ്മർദം ചെലുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക വളർച്ചയെ പുടിൻ പ്രശംസിക്കുകയും, ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുകയാണെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം 2022ൽ റഷ്യ ആണവായുധം ഉപയോഗിക്കാൻ ഒരുങ്ങിയിരുന്നുവെന്നും അത് മോഡിയുടെ ഇടപെടലിലൂടെ ഒഴിവായെന്നും പോളിഷ് ഉപവിദേശകാര്യ മന്ത്രി അവകാശപ്പെട്ടിരുന്നു. ഇക്കാര്യം റഷ്യയോ ഇന്ത്യയോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
2022ൽ യുക്രൈനിൽ ആണവായുധം ഉപയോഗിക്കുന്നതിൽ നിന്ന് പുടിനെ പിന്തിരിപ്പിച്ചത് മോഡിയെന്ന് പോളിഷ് മന്ത്രി
