'എന്റെ രാഷ്ട്രീയയാത്ര ഇവിടെ അവസാനിക്കുന്നു'; വികാരനിർഭരമായ വിടപറഞ്ഞ് കെയർ സ്റ്റാർമർ

'എന്റെ രാഷ്ട്രീയയാത്ര ഇവിടെ അവസാനിക്കുന്നു'; വികാരനിർഭരമായ വിടപറഞ്ഞ് കെയർ സ്റ്റാർമർ


ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമൊഴിയാനൊരുങ്ങുന്ന കെയർ സ്റ്റാർമർ ഹൗസ് ഓഫ് കോമൺസിൽ വികാരനിർഭരമായ വിടപറച്ചിൽ നടത്തി. 'ഇതാണ് എന്റെ രാഷ്ട്രീയയാത്രയുടെ അവസാനം' എന്ന് പറഞ്ഞ സ്റ്റാർമർ, രാജ്യത്തെ നയിക്കാനുള്ള അവസരം ലഭിച്ചതിൽ നന്ദി രേഖപ്പെടുത്തി.

ലേബർ എംപി കരോളിൻ ഹാരിസിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് സ്റ്റാർമർ തന്റെ രാഷ്ട്രീയജീവിതം ഓർത്തെടുത്തത്. 2019ലെ ചരിത്രപരമായ തോൽവിക്കുശേഷം ലേബർ പാർട്ടിയെ നയിച്ച് 2024ൽ ചരിത്രവിജയത്തിലേക്ക് എത്തിക്കാനായെന്നും, പ്രധാനമന്ത്രിയായി രാജ്യം ഏറ്റെടുത്തതിലും മെച്ചപ്പെട്ട നിലയിലാണ് ഇപ്പോൾ അധികാരം ഒഴിയുന്നെതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

'ഓരോ പ്രധാനമന്ത്രിക്കും ഒരുനാൾ അധികാരം അടുത്തയാൾക്ക് കൈമാറേണ്ടിവരുമെന്ന് അറിയാം. ആ ദിവസം എനിക്കും വന്നിരിക്കുകയാണ്,' സ്റ്റാർമർ പറഞ്ഞു.

തുടർന്നുവരുന്ന പ്രധാനമന്ത്രിക്കും പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ലേബർ സർക്കാരിന്റെ പ്രവർത്തനങ്ങളിലൂടെ ജീവിതം മെച്ചപ്പെട്ടവർക്കും സമൂഹത്തിൽ ശബ്ദമില്ലാത്തവർക്കും വേണ്ടിയാണ് താൻ രാഷ്ട്രീയത്തിൽ എത്തിയതെന്നും സ്റ്റാർമർ പറഞ്ഞു. പ്രസംഗം അവസാനിപ്പിക്കവേ ഭാര്യയ്ക്കും മക്കൾക്കും നന്ദി അറിയിച്ച അദ്ദേഹം, 'ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു... വിട' എന്ന് വികാരഭരിതനായി പറഞ്ഞു.

വെള്ളിയാഴ്ച ലേബർ പാർട്ടി നേതൃസ്ഥാനം സ്റ്റാർമർ ഒഴിയും. തുടർന്ന് ബേൺഹാമിന് അധികാരം കൈമാറിയശേഷം തിങ്കളാഴ്ച 10 ഡൗണിംഗ് സ്ട്രീറ്റിനോട് അദ്ദേഹം ഔദ്യോഗികമായി വിടപറയും.

പ്രധാനമന്ത്രിയെന്ന നിലയിൽ സ്റ്റാർമറുടെ അവസാന ചോദ്യോത്തരവേളയിൽ എല്ലാ പാർട്ടികളിലെയും എംപിമാർ ആശംസകൾ നേർന്നു. പതിവിലെ കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പകരം സൗഹൃദപരമായ അന്തരീക്ഷമാണ് സഭയിൽ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ഫൈനലിലും വിജയിക്കണമെന്ന് ഉറപ്പാക്കണമെന്നും ചില എംപിമാർ തമാശയായി ആവശ്യപ്പെട്ടപ്പോൾ സ്റ്റാർമറും ചിരിയോടെ അതിൽ പങ്കുചേർന്നു.