ന്യൂഡല്‍ഹി: ഇന്ത്യയും യു കെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക- വ്യാപാര കരാര്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആയിരക്കണക്കിന് ഉത്ന്നങ്ങളിലെ ഇറക്കുമതി തീരുവ കുറയ്ക്കുകയും ഇരു രാജ്യങ്ങളിലെയും സേവനമേഖലകള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണിത്.
കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ബ്രിട്ടനിലെ ഭൂരിഭാഗം ഉത്പന്ന വിഭാഗങ്ങളിലും ഉടന്‍തന്നെ തീരുവയില്ലാതെ കയറ്റുമതി നടത്താനാകും. വസ്ത്രനിര്‍മാണം, തുകല്‍ വ്യവസായം, ആഭരണ നിര്‍മാണം തുടങ്ങിയ തൊഴില്‍സാന്ദ്ര മേഖലകള്‍ക്ക് ഇതിലൂടെ വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഘട്ടംഘട്ടമായി തീരുവ കുറയ്ക്കുകയും ക്വാട്ട സമ്പ്രദായം നടപ്പാക്കുകയും ചെയ്യുന്നതിലൂടെ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം ലഭിക്കും.
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്, ഇന്ത്യ- യു കെ ബന്ധത്തിലെ 'നിര്‍ണായക നാഴികക്കല്ലാണ്' ഈ കരാറെന്നാണ്. വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, രത്ന- ആഭരണങ്ങള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, രാസവസ്തുക്കള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, എം എസ് എം ഇകള്‍, കര്‍ഷകര്‍, നിര്‍മാണ മേഖല എന്നിവയ്ക്ക് കരാര്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ ടി, ധനകാര്യ, വിദ്യാഭ്യാസം, പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കും ഗുണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയരേഖ പ്രകാരം, ഇന്ത്യയുമായി ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ലാത്ത മികച്ച വ്യാപാര കരാറാണ് യു കെ നേടിയിരിക്കുന്നത്. കരാര്‍ പ്രകാരം ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിയിലെ 90 ശതമാനം തീരുവ വിഭാഗങ്ങളില്‍ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് 2022-ലെ കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിയുടെ 92 ശതമാനത്തോളം ഉള്‍ക്കൊള്ളുന്നതാണ്.
അതേസമയം, യു കെ 96.8 ശതമാനം തീരുവ വിഭാഗങ്ങളില്‍ ഉടന്‍തന്നെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കും. ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 97.7 ശതമാനം വ്യാപാര മൂല്യത്തെ ബാധിക്കും.
ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ബ്രിട്ടനിലേക്ക് 13.44 ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ കയറ്റുമതി ചെയ്തപ്പോള്‍, ബ്രിട്ടനില്‍ നിന്ന് 11.68 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. 2024-ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സേവന വ്യാപാരത്തിന്റെ ആകെ മൂല്യം 35.44 ബില്യണ്‍ ഡോളറായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സില്‍ കുറിച്ചത് ഈ കരാറിലൂടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം, പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിക്കുമെന്നും ആണ്.
കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയും.
സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, വിസ്കി, ചോക്ലേറ്റുകള്‍, ശീതളപാനീയങ്ങള്‍, ആട്ടിറച്ചി, കാറുകള്‍, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും വില കുറയുക.
കൂടാതെ, താത്ക്കാലിക ജോലിക്കായി യു കെയിലേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവനയില് നിന്ന് ഒഴിവ് ലഭിക്കും. 75,000-ത്തിലധികം പ്രൊഫഷണലുകള്‍ക്കും 900-ലധികം കമ്പനികള്‍ക്കും കരാര്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.
സമുദ്രോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, രത്ന ആഭരണങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, പഴങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുന്നതോടെ ബ്രിട്ടനില്‍ വില കുറയും.
ചില പ്രധാന ഉത്പന്നങ്ങളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴിയിറച്ചി, മുട്ട, പഞ്ചസാര, പാലുത്പന്നങ്ങള്‍ എന്നിവ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ ആപ്പിള്‍, വാള്‍നട്ട്, ചില വിഭാഗങ്ങളിലെ സ്വര്‍ണ ബാറുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയെയും കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
