കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജാകുകയും ചെയ്തിരുന്നു. ശേഷവും ഇയാൾ ബോധക്ഷയമടക്കമുണ്ടായി.
മദ്യപിക്കുന്ന വ്യക്തിയായതിനാൽ വിഡ്രോവൽ സിംപ്റ്റംസ് എന്നു ധരിച്ച് ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ സമ്പർക്കം കൂടുതലാകാമെന്നും സംശയിക്കുന്നു. കുടുംബാംഗങ്ങളോട് ക്വാറന്റീനിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. സാമ്പിള്‍ എന്‍.ഐ.വി പുനെയിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള ഫലം നാളെ വൈകുന്നേരത്തോടെ ലഭ്യമായേക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിക്ക്
